https://kazhakuttom.net/images/news/news.jpg
Corona

കൊറോണ മരണം: പോത്തൻകോട് പ്രദേശം സമ്പൂർണ്ണ അടച്ചിടലിലേക്ക്


പോത്തൻകോട്: കൊറോണ വൈറസ് ബാധിച്ച് പോത്തൻകോട് സ്വദേശി മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്ത് പൂർണമായും അടച്ചിട്ടു. പ്രദേശത്തെ മുഴുവൻ ജനങ്ങളും മൂന്ന് കിലോ മീറ്റർ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെ ആളുകളും പൂർണമായും ഹോം കോറന്റൈനിൽ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. പോത്തൻകോട് പഞ്ചായത്ത് പ്രദേശം മുഴുവനായും, പഞ്ചായത്ത് പ്രദേശത്താേട് ചേർന്നു കിടക്കുന്ന പഞ്ചായത്തുകളായ മാണിക്കൽ, വെമ്പായം, അണ്ടൂർക്കോണം, മംഗലപുരം പഞ്ചായത്ത് പ്രദേശങ്ങളും നഗരസഭയുടെ കാട്ടായിക്കോണം വാർഡിലെ അരിയോട്ടുകോണം, മേലെമുക്ക്, കാട്ടായിക്കോണം പ്രദേശങ്ങളും സമ്പൂർണ്ണ അടച്ചു പൂട്ടൽ നടപ്പിലാക്കും. പോത്തൻകോട് കോവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ വിളിച്ചു ചേർത്ത പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും ബ്ലോക്ക് അംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സംയുക്ത യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മരിച്ച അബ്ദുൾ അസീസുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസോലേഷനിലാണ്. ഇനിയാരെങ്കിലുമുണ്ടെങ്കിൽ 1077 എന്ന ഹെൽപ് ലൈൻ നമ്പറിൽ അറിയിക്കാനും മന്ത്രി പറഞ്ഞു. പോത്തൻകോട് പ്രദേശമാകെ മൂന്നാഴ്ചക്കാലം പൂർണമായും ക്വാറന്റൈനിൽ പോയി ജനം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ അഭ്യാർത്ഥിച്ചു. പോത്തൻകോടിന്റെ പ്രാന്ത പ്രദേശങ്ങളായ അണ്ടൂർക്കോണം പഞ്ചായത്തിലെ പ്രദേശങ്ങൾ, കാട്ടായിക്കോണം കോർപറേഷൻ ഡിവിഷന്റെ അരിയോട്ടുകോണം, മേലേ മുക്ക് തുടങ്ങി പോത്തൻകോടിന്റെ 3 കിലോ മീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാം ക്വാറന്റൈനിൽ പോകണം. മരിച്ച കൊറോണ ബാധിതന്റെ റൂട്ട് മാപ്പിലെ ആശയക്കുഴപ്പം തുടരുന്നതിനാലാണ് പ്രദേശം പൂർണമായും അടച്ചിടുന്നത്. ഇതല്ലാതെ മറ്റ് വഴിയില്ലെന്നും ജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നാല്പേരിൽ കൂടുതൽ ആൾക്കാർ കൂട്ടം കൂടിയാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പോത്തൻകോട് പൊലീസ് റൂട്ട് മാർച്ച് നടത്തും. കൂടാതെ പോത്തൻകോട് ഉടൻ കൺട്രോൾ റൂം തുറക്കും. അബ്ദുൽ അസീസിന് രോഗബാധയുണ്ടായത് എങ്ങനെ എന്നതിനെ കുറിച്ച് അന്വഷണത്തിനും രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കൊറോണ മരണം: പോത്തൻകോട് പ്രദേശം സമ്പൂർണ്ണ അടച്ചിടലിലേക്ക്

0 Comments

Leave a comment