കിഴുവിലം: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 15 ആം വാർഡിൽ ഷാമി മൻസിലിൽ ഷാജിത ബീവി (57) ആണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഷാജിത ബീവിയുടെ ഭർത്താവിന് കോവിഡ് രോഗം ബാധിച്ചതിനെ തുടർന്ന് ഹോം ക്വാറന്റൈനിൽ കഴിഞ്ഞു വരുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കുകയും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു. കുറക്കോട് മുസ്ലീം ജമാ അത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടക്കം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാറും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്.ശ്രീകണ്ഠനും അറിയിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ഇതുവരെ 117 പേർക്കാണ് കോവിഡ് ബാധിച്ചത്. അതിൽ 55 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് നാല് പേർ മരണമടഞ്ഞു. 58 പേർ രോഗം ബാധിച്ച് വിവിധയിടങ്ങളിൽ ചികിത്സയിലാണ്. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 5,18,19,20 വാർഡുകളിൽ നിലവിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 3,4,6 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി തുടർന്ന് വരുകയാണ്.
കിഴുവിലം ഗ്രാമ പഞ്ചായത്തിൽ വീണ്ടും കോവിഡ് മരണം





0 Comments