കഴക്കൂട്ടം: കൊറോണ വൈറസ് വ്യാപനത്തിനെതിരെ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കുമ്പോഴും യാതൊരു സുരക്ഷാ നടപടികളുമില്ലാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ. പതിനായിരങ്ങൾ ജോലിയെടുക്കുന്ന ടെക്നോപാർക്ക്, ടെക്നോ സിറ്റി, വി.എസ്.എസ്.സി, രണ്ട് കിൻഫ്ര പാർക്കുകൾ, തുടങ്ങിയ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വളരെ പ്രാധാന്യമുള്ള സ്ഥലമാണ് കഴക്കൂട്ടം. കഴക്കൂട്ടത്തേക്ക് എത്തിച്ചേരാൻ ആയിരക്കണക്കിന് പേർ ആശ്രയിക്കുന്നത് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനാണ്. ദിവസവും പത്തോളം എക്സ്പ്രസ് ട്രെയിനുകളും, എട്ട് പാസഞ്ചർ ടെയിനുകളും, ഒരു മെമുവും സ്റ്റേഷനിൽ നിർത്തി പോകുന്നുണ്ട്. കൊറോണ വൈറസ് പകരാൻ ഏറെ സാധ്യതയുള്ള കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൊറോണ പരിശോധനകൾ ഒന്നും തന്നെ ഇന്നു വരെ നടന്നിട്ടുമില്ല. കൂടാതെ സ്റ്റേഷനു പുറത്തേക്ക് പോകാൻ നിരവധി വഴികളുള്ളതിനാൽ തന്നെ കൃത്യമായ നിരീക്ഷണവും പരിശോധനകളും നടക്കാറുമില്ല. എക്സ്പ്രസ് ട്രെയിനുകൾ അധികവും എത്തിച്ചേരുന്നത് ബംഗളുരു, മംഗലുരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും നിരവധി പേർ എത്തിച്ചേരുന്ന സ്റ്റേഷനായിട്ടും പോലീസിന്റെയോ, ആർ.പി.എഫിന്റെയോ, ആരോഗ്യ വകുപ്പിന്റെയോ യാതൊരു പരിശോധനകളും ഇവിടെ ഇനിയും ആരംഭിച്ചിട്ടില്ല. ടെക്നോപാർക്കിലെ പല കമ്പനികളും ജീവനക്കാരെ വീട്ടിലിരുന്ന് ജോലിയെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നതിനാൽ സ്റ്റേഷനിലെത്തിച്ചേരുന്നവരുടെ എണ്ണത്തിൽ കുറച്ചു കുറവുണ്ടായേക്കാമെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അതിൻ്റെ ഭവിഷ്യത്തും നേരിടേണ്ടി വരും.
മുൻകരുതൽ നടപടികളില്ലാതെ ആയിരക്കണക്കിന് പേരുടെ ആശ്രയമായ കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ





0 Comments