നെടുമങ്ങാട്: അർദ്ധ രാത്രിയിൽ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട്, ചിറക്കാണി വാർഡിൽ പൂവത്തൂർ ടവർ ജംഗ്ഷനു സമീപം കുഞ്ചുവീട്ടിൽ ബിജു (40), ആനാട്, 19-ാം വാർഡിൽ, ഇരിഞ്ചയം എസ്.എൻ.ഡി.പി- യ്ക്ക് സമീപം ഇടവിളാകത്തു വീട്ടിൽ ദീപു (36) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പൂവത്തൂർ സ്വദേശി ജയചന്ദ്രനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ 21-ന് അർദ്ധ രാത്രി 2 മണിയോടു കൂടിയാണ് സംഭവം. സംഭവ ദിവസം വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജയചന്ദ്രനെ ബിജുവും കൂട്ടുകാരനായ ദീപുവൂം കൂടി വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ച ജയചന്ദ്രനെ ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു വീഴ്ത്തിയതായി പോലീസ് അറിയിച്ചു. ജയചന്ദ്രനും ഭാര്യാ സഹോദരനായ ബിജുവും തമ്മിലുണ്ടായിരുന്ന വസ്തു തർക്കം പോലീസിൽ പരാതിപ്പെട്ടതിലും ജയചന്ദ്രൻ്റെ മകൾ വീടു വിട്ടു പോയത് ജയചന്ദ്രൻ മൂലമാണെന്നു തെറ്റിദ്ധരിച്ചുമാണ് ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. മാത്രമല്ല ഇതേ ദിവസം തന്നെ രാത്രി 9.30 മണിയോടു കൂടി ജയചന്ദ്രൻ്റെ ഭാര്യയുടെ ബന്ധു പേരൂർക്കട സ്വദേശി ദീപക്കിനെയും അമ്മയേയും പ്രതികളായ ബിജുവും ദീപുവും ചേർന്ന് ജയചന്ദ്രൻ്റെ വീട്ടിൽ കയറി മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സമയത്ത് ജയചന്ദ്രനും ഭാര്യയും മകളെ കാണാനില്ലെന്ന പരാതിയുമായി നെടുമങ്ങാട് പോലീസ് സ്റ്റേഷനിലായിരുന്നു. നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ് കുമാറിൻ്റെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ഷിഹാബുദീൻ, വേണു, പ്രൊബേഷൻ എസ്.ഐ അനന്തകൃഷ്ണൽ, എ.എസ്.ഐ ഹസൻ പോലീസുകാരായ സനൽരാജ്, വിനു, സുലൈമാൻ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
അർദ്ധ രാത്രിയിൽ വീട്ടിൽ കയറി വെട്ടിയ 2 പേർ പിടിയിൽ





0 Comments