കഴക്കൂട്ടം: തുമ്പ ആറാട്ട് വഴിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച എട്ടംഗ സംഘത്തിൽപ്പെട്ട രണ്ടു പേരെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. പോങ്ങുംമൂട് ബാബുജി നഗറിൽ ദീപു (39), അയിരൂർപ്പാറ, ലക്ഷ്മിപുരം, ബിന്ദു ഭവനിൽ പ്രശാന്ത് (38) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10:30 മണിക്കാണ് സംഭവം. ആറാട്ടുവഴി പാലത്തിന് സമീപം റോഡിലൂടെ ഓട്ടോ ഓടിച്ചു വരികയായിരുന്ന ആറാട്ടുവഴി, കുന്നുംപുറം, എസ്.എസ് ഭവനിൽ സാബുവിനെയാണ് കാറിലും ബൈക്കിലുമായെത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിച്ചത്. താക്കോൽക്കൂട്ടം കൊണ്ട് ചെവിയുടെ ഭാഗത്തും, മുഖത്തും, തലയിലും ഇടിച്ചു മാരകമായി പരിക്കേൽപ്പിക്കുകയും, നിലത്തു തള്ളിയിട്ട് ചവിട്ടിയും മറ്റും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമായതെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ അന്വേഷിച്ചു വരവെ കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റൻറ് കമ്മീഷണർ ഹരി.സി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദീപു, പ്രശാന്ത് എന്നീ പ്രതികളെ പിടികൂടിയത്. ഇവർ ഈ കേസിലെ രണ്ടും, അഞ്ചും പ്രതികളാണ്. മറ്റു പ്രതികളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴക്കൂട്ടം എസ്.എച്ച്.ഓ പ്രവീൺ ജെ.എസ്, എസ്.ഐമാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ് ഖാൻ, അരുൺ, ശ്യാം, അരുൺ.എസ്.എസ്.നായർ, അൻവർ ഷാ, അജു, ഹോം ഗാർഡ് ദിലീപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഓട്ടോ ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ





0 Comments