കടയ്ക്കാവൂർ: ബേക്കറി കടയുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്ന സംഘത്തിലെ പ്രതി കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായി. കീഴാറ്റിങ്ങൽ, പെരുംകുളം, ഇടയ്ക്കോട് കോളനിയിൽ, കാട്ടുവിള വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന ശരത് (19) ആണ് പിടിയിലായത്. തൊപ്പിച്ചന്തയിലെ ബേക്കറി കട നടത്തുന്ന നൗഷാദിനെയാണ് കടയിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്നത്. കുടവൂർ കോണം ജംഗ്ഷനിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച പ്രദേശത്ത് കഴിഞ്ഞ ദിവസം സംഘർഷാവസ്ഥ സൃഷ്ടിച്ച സംഘത്തിലെ രണ്ടാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നാലംഗ സംഘമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കല്ലൂർക്കോണം, തൊപ്പിച്ചന്ത ഭാഗങ്ങളിൽ അക്രമം അഴിച്ചു വിട്ടത്. പൂജാരിമാർ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയതും ജനൽച്ചില്ലുകൾ അടിച്ചു തകർത്തതും ഇതേ സംഘമാണ്. മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ.സുരേഷിൻ്റ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ സി.ഐ.ശിവകുമാർ, എസ്.ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ ജ്യോതിഷ്, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കടയുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്ന സംഘത്തിലെ രണ്ടാം പ്രതി പിടിയിൽ





0 Comments