കഴക്കൂട്ടം: കണിയാപുരത്ത് തട്ടുകടയിൽ ഇരുകൂട്ടർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു. കുത്തേറ്റതിൽ നാല് പേർ ഓട്ടോറിക്ഷ ഡ്രൈവർമാരാണ്. മംഗലപുരം ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർമാരായ അനസ്, രജ്ഞിത്ത്, റിജു, വിപിൻ, ജിതിൻ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. നെഞ്ചിലും മുതുകിലും കൈയിലും ഇവർക്ക് കുത്തേറ്റു. ആറ്റുകാൽ പൊങ്കാല ദിവസമായ കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ആറ്റുകാലിലെ പൊങ്കാലയോട്ടം കഴിഞ്ഞ് മടങ്ങി വന്ന ശേഷം കിട്ടിയ കാശു കൊണ്ട് ഓട്ടോ ഡ്രൈവർമാരായ നാലും പേരും സുഹൃത്തുക്കളായ മറ്റു രണ്ടുപേരും കൂടി മദ്യപിച്ച ശേഷം മംഗലപുരത്ത് നിന്നും കണിയാപുരം ആലുംമൂട് ജംഗ്ഷനിലെ ഒരു തട്ടു കടയിൽ ഭക്ഷണം കഴിക്കാനെത്തി. അവിടെ വച്ച് ഭക്ഷണം കഴിയ്ക്കാനായി വന്ന മറ്റു രണ്ടു പേരുമായി വാക്കു തർക്കമുണ്ടാവുകയും അവരെ മർദ്ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതിനിടയിൽ പ്രാണരക്ഷാർത്ഥം രണ്ടുപേരും കൈയിൽ കരുതിയിരുന്ന ചെറിയ കത്തി കൊണ്ട് ഇവരെ കുത്തി പരിക്കേൽപ്പിച്ച ശേഷം രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കുത്തിയവരിൽ രണ്ടു പേരുണ്ടായിരുന്നുവെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് പറഞ്ഞു. ആരെയും പൊലീസിന് പിടികൂടാനായില്ല. കുത്തേറ്റ അനസിന്റെ മൊഴിയെടുത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർമാർ സ്ഥിരം കുഴപ്പക്കാരാണെന്ന് പൊലീസ് പറയുന്നു. ഓട്ടത്തിന് അമിതമായ കൂലി വാങ്ങുക, മദ്യപിച്ച് വാഹനം ഓടിക്കുക, സ്റ്റാന്റിൽ മറ്റു ഡ്രൈവർമാർക്കു കൂടി ദുഷ്പേരുണ്ടാക്കുന്ന വിധം പെരുമാറുക തുടങ്ങി നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. സംഘർഷം നടന്ന സ്ഥലത്ത് നിന്ന് കുറച്ച് അപ്പുറം പ്രവർത്തിക്കുന്ന ഗ്രാമീണ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ ഇന്നലെ രാവിലെ ചോരക്കറ കാണാനിടയായത് അഭ്യൂഹങ്ങൾക്കിടയാക്കി. തുടർന്ന് എ.ടി.എം അടച്ചിട്ടതിനു ശേഷം ബാങ്ക് അധികൃതർ മംഗലപുരം പൊലീസിനെ അറിയിച്ചതനുസരിച്ച് അവർ എത്തി സി.സി ക്യാമറ പരിശോധിച്ചപ്പോൾ കുത്തേറ്റതിൽ ഒരാൾ ചോരയൊലിപ്പിച്ച് ആശുപത്രിയിൽ പോകാനായി പൈസയെടുക്കാൻ വന്നതാണെന്ന് മനസിലായി.
കണിയാപുരത്തെ തട്ടുകടയിൽ ഇരുകൂട്ടർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു





0 Comments