കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാരേറ്റ് വി.വി.എൻ ടയർ കെയർ എന്ന സ്ഥാപനത്തിൽ ആക്രമണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിലായി. വാമനപുരം യുപിഎസിനു സമീപം വർഷിണി ലയം വീട്ടിൽ ധനീഷ് (30) നെല്ലനാട് അമ്പലം ലക്ഷ്മി വിലാസത്തിൽ ഗോകുൽ (25) അമ്പലമുക്ക് ഗാന്ധിനഗർ പഠിപ്പുര വീട്ടിൽ പ്രിൻസ് (29) അമ്പലമുക്ക് ഗാന്ധിനഗർ കൃഷ്ണ (20), കാണിച്ചോട് വലിയവിളാകത്ത് വീട്ടിൽ അനുരാഗ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 31-വെള്ളിയാഴ്ചയാണ് സംഭവം. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് കാരേറ്റ് കാർത്തിക ബാറിനു സമീപം പ്രവർത്തിക്കുന്ന വി.വി.എൻ ടയർ കെയർ എന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. കൂടാതെ പ്രതികളുടെ കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് ജീവനക്കാരനായ അരുൺ കുമാറിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പ്രതികൾ കാരേറ്റ് വാമനപുരം പ്രദേശങ്ങളിൽ നിരവധി അടിപിടിക്കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. കിളിമാനൂർ സി.ഐ കെ.ബി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഷ്റഫ്, അബ്ദുള്ള ഷാജി അബ്ദുൽ സലാം, കൃഷ്ണൻകുട്ടി, സുനിൽകുമാർ പോലീസുകാരായ സോജു, ബിനു, വിനീഷ് മോഹനൻ, അജോ ജോർജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാരേറ്റ് ടയർ കടയിൽ ഗുണ്ടാവിളയാട്ടം നടത്തിയ പ്രതികൾ അറസ്റ്റിൽ





0 Comments