ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നു പോകുന്ന സമയം രോഗിയെ എടുക്കാൻ പോയ 108 ആംബുലൻസ് തടഞ്ഞ് നിറുത്തി ജീവനക്കാർക്ക് നേരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. കൊല്ലം കാവനാട് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൺട്രോൾ റൂമിൽ ലഭിച്ച അത്യാഹിത സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് ശ്വാസ തടസത്തെ തുടർന്ന് അടിയന്തിര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർ റഫർ ചെയ്ത യുവാവിനെ എടുക്കാൻ പോകുന്നതിനിടയിലാണ് സംഭവം.
വള്ളികീഴ് ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നുപോകുന്നതിനാൽ വലിയ രീതിയിൽ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഈ സമയം അതുവഴി വന്ന 108 ആംബുലൻസ് ഘോഷയാത്ര നിയന്ത്രിക്കുകയായിരുന്ന ഇരുപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ
തടയുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. ആംബുലൻസ് പൈലറ്റ് ശരത്ത്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിനീഷ് എന്നിവർക്കാണ് മർദനം ഏറ്റത്.
സയറൻ ഇട്ട് വന്നത് ചോദ്യം ചെയ്താണ് ആംബുലൻസ് തടഞ്ഞത്. തുടർന്ന്
ജില്ലാ ആശുപത്രിയിൽ നിന്ന് അടിയന്തിരമായി രോഗിയെ എടുക്കാൻ പോകുകയാണെന്ന് പറഞ്ഞെങ്കിലും അക്രമി സംഘം വകവെച്ചില്ല എന്ന് ജീവനക്കാർ പറയുന്നു. മർദ്ദനത്തിൽ പരിക്ക് പറ്റിയ 108 ആംബുലൻസ് ജീവനക്കാർ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായി കനിവ് 108 ആംബുലൻസ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ ഇ.എം.ആർ.ഐ അധികൃതർ അറിയിച്ചു.
108 ജീവനക്കാർക്ക് നേരെ ആർഎസ്എസ് ആക്രമണം. വാഹനം തടഞ്ഞ് പത്തോളം പേർ ആക്രമിക്കുകയായിരുന്നു





0 Comments