/uploads/news/2325-600ff19fd046f.jpg
Crime

ക്വാറന്റിൻ നിയമ ലംഘനം നടത്തിയ മലയാളിക്ക് 50,000 ദിർഹം പിഴ


അബുദാബി: ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തു പോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ ലഭിച്ചു. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങളുടെ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്മാർട്ട് വാച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു ഇദ്ദേഹം. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പി.സി.ആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ഒൻപതാം ദിവസം പി.സി.ആർ ടെസ്റ്റ് എടുക്കാൻ പുറത്തു പോയതാണ് വിനയായത്. അതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് തനിക്ക് അനുമതി ലഭിച്ചതനുസരിച്ചാണു പോയതെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോർട്ട് അസസ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും അവിടെ പി.സി.ആർ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടിൽ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു. ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനു ശേഷം 2 ദിവസങ്ങളിൽ നടത്തിയ 2 പി.സി.ആർ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്.എം.എസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴയായി ലഭിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷനിൽ പരാതിപ്പെട്ട് അനുകൂല മറുപടിക്കായി കാത്തിരിക്കുകയാണ് ഇദ്ദേഹം. ക്വാറന്റീൻ കാലാവധി 10 ദിവസം യു.എ.ഇയിലെ നിയമം അനുസരിച്ച് ക്വാറന്റീൻ കാലയളവിൽ (ഇപ്പോൾ 10 ദിവസം) പരിധി വിട്ട് പുറത്തു പോകാൻ പാടില്ല. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ പുറത്തു പോകാൻ ആരോഗ്യ വിഭാഗത്തിൽ നിന്ന് മൂവിങ് പെർമിറ്റ് എടുക്കണം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ. മൂവിങ് പെർമിറ്റ് എടുക്കുമ്പോൾ ക്വാറന്റീൻ സ്ഥലത്തു നിന്ന് പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ കണക്കാക്കി അത്രയും നേരത്തേക്കാണ് മൂവിങ് പെർമിറ്റ് എടുക്കേണ്ടത്. അനുമതി കംപ്യൂട്ടർ ഫയലിൽ രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കണം. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലേക്കു പോകേണ്ടി വന്നാൽ വീട്ടിൽ നിന്ന് ഇറങ്ങിയ സമയം മുതൽ മൂവിങ് പെർമിറ്റിൽ രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടണം.

ക്വാറന്റിൻ നിയമ ലംഘനം നടത്തിയ മലയാളിക്ക് 50,000 ദിർഹം പിഴ

0 Comments

Leave a comment