കഴക്കൂട്ടം: 20 കോടി രൂപ വില വരുന്ന വിവിധ ഇനം മയക്ക് മരുന്നുകളുമായി, പോലീസ് ഓഫീസറെ മാരകമായി കുത്തി പരിക്കേൽപ്പിച്ചതുൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. കോട്ടയം, ഓണംതുരുത്ത്, ചക്കു പുരക്കൽ വീട്ടിൽ ജി.കെ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ജോർജ്കുട്ടിയാണ് (34) പിടിയിലായത്. കോവളം- കഴക്കൂട്ടം ബൈപാസിൽ വാഴമുട്ടം ഭാഗത്ത് വച്ചാണ് പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. സംസ്ഥാനത്ത് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് വിൽപനക്കായി ബാംഗ്ലൂരിൽ നിന്നും ആഡംബര കാറിന്റെ അടി ഭാഗത്ത് പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ കടത്തിക്കൊണ്ടു വന്ന 20 കി.ഗ്രാം ഹാഷിഷ് ഓയിൽ, 2.500 കി.ഗ്രാം കഞ്ചാവ്, 240 ഗ്രാം ചരസ്സ് എന്നീ മയക്കു മരുന്നുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. പോലീസ് ഓഫീസറെ കുത്തി പരിക്കേൽപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മയക്കു മരുന്ന് കേസുകളിലും പ്രതിയായ ഇയാൾക്ക് കാപ്പ നിയമ പ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. ഇപ്പോൾ ബാംഗൂരിലേക്ക് താമസം മാറിയ ജോർജ്കുട്ടി ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ബാംഗൂരിൽ വൻതോതിൽ ഹാഷിഷും കഞ്ചാവും ചരസ്സും എത്തിച്ച ശേഷം കൂട്ടാളികൾ മുഖാന്തിരം കേരളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതാണ് ജി.കെയുടെ പതിവെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. സാധാരണ കേരളത്തിലേക്ക് വരാത്ത ജോർജ്കുട്ടി ഇപ്പോൾ വൻ മയക്ക് മരുന്ന് ഇടപാടായതു കൊണ്ടാണ് നേരിട്ട് വന്നത്. ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് എക്സൈസ് പ്രത്യേക സംഘം ജോർജ് കുട്ടിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എക്സൈസ് വകുപ്പ് മന്ത്രി നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ മന്ത്രി ടി.പി രാമകൃഷ്ണന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച സംസ്ഥാന തല എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കേസ് കണ്ടു പിടിച്ചത്. സ്ക്വാഡിന്റെ നിയന്ത്രണം എക്സൈസ് കമ്മിഷണർ നേരിട്ടാണ് നിയന്ത്രിക്കുന്നത്. വിവിധ ജില്ലകളിലുള്ള പ്രതിയുടെ കൂട്ടാളികൾക്ക് എതിരെയുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. ജി.കെ.യെ വലയിലാക്കിയ സംഘത്തെ എക്സൈസ് വകുപ്പ് മന്ത്രിയും, എക്സൈസ് കമ്മിഷണർ എ.ഡി.ജി.പി എസ്.അനന്തകൃഷ്ണൻ ഐ.പി.എസും പ്രത്യേകം അഭിനന്ദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ജി.കൃഷ്ണ കുമാർ, എ.പ്രദീപ് റാവു, കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ എസ്.മധുസൂദനൻ നായർ, വി.എസ്.ദീപുകുട്ടൻ, ജി.സുനിൽ രാജ്, പി.എസ്.ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.കൃഷ്ണ പ്രസാദ്, എസ്.സുരേഷ്ബാബു, എ.ജസീം, പി.സുബിൻ, വി.ആർ.ബിനുരാജ് എന്നിവർ അടങ്ങിയ സംഘമാണ് ലഹരി വേട്ട നടത്തിയത്.
തലസ്ഥാനത്ത് 20 കോടിയുടെ വൻ മയക്ക് മരുന്ന് വേട്ട. ക്രിമിനൽ കേസുൾപ്പെടെയുള്ള പ്രതി പിടിയിൽ





0 Comments