കോവളം: നിരവധി കഞ്ചാവ് കേസുകളിലെ പ്രതി തേക്കുപാറ സത്യൻ ആണ് 10 കി.ഗ്രാം കഞ്ചാവുമായി പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡും തിരുവനന്തപുരം ഐ.ബി ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും തന്റെ മോട്ടോർ സൈക്കിളിൽ കഞ്ചാവുമായി വരുമ്പോൾ കോവളം ബീച്ച് ഭാഗത്ത് വച്ചാണ് അറസ്റ്റു ചെയ്തത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തുണി എന്ന പട്ടണത്തിൽ നിന്നും കിലോക്ക് 2500 രൂപ നിരക്കിൽ വാങ്ങി തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് സംഭരിച്ച് വച്ച ശേഷം കുറേച്ചെയായി കേരളത്തിൽ എത്തിക്കുകയാണ് ഇയാളുടെ പതിവ് രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. പിടിച്ചെടുത്ത 10 കി.ഗ്രാം കഞ്ചാവ് കേരളത്തിൽ ചില്ലറ വിൽപ്പന നടത്തുമ്പോൾ 10 ലക്ഷം രൂപ ലഭിക്കും. മാസത്തിൽ ഓരോ തവണ വീതം ഇയാൾ ആന്ധ്രാപ്രദേശിൽ പോകുകയാണ് പതിവ്. ഓണത്തോടനുബന്ധിച്ച് വിനോദ സഞ്ചാര മേഖലകളിൽ മയക്ക് മരുന്ന് ഉപയോഗം വർധിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകിയിരുന്നു. ഐ.ബി ഇൻസ്പെക്ടർ മോഹൻ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ക്വാഡ് സി.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇൻസ്പെക്ടർ സി.പി.പ്രവീൺ, പ്രീവന്റീവ് ഓഫീസർ സജിത്, സി.ഇ.ഒ പ്രകാശ്, ബിനു, ജിതീഷ്, മോൻസി, അനിൽകുമാർ, ഡബ്യു.സി.ഇ.ഒ അഞ്ജന, ഐ.ബി ഇൻസ്പെക്ടർ മോഹൻകുമാർ, പി.ഒ സജി, ഷാജു, സുധീഷ് കൃഷ്ണ, ഷാജി ഡ്രൈവർ അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി കഞ്ചാവ് കേസുകളിലെ പ്രതി കോവളത്ത് കഞ്ചാവുമായി പിടിയിൽ





0 Comments