തിരുവനന്തപുരം: കൊലപാതകം, മോഷണം തുടങ്ങിയ നിരവധി കേസ്സുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പി യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. മുരുക്കുംപുഴ മുണ്ടയ്ക്കൽ റ്റി.പി ഹൗസിൽ വാടകയ്ക്ക് താമസം ബിനോ എന്ന് വിളിക്കുന്ന ബിനോയ് (45) -യെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുളള ഇയാൾ 2005-ൽ ഒരു മോഷണക്കേസ്സിലും, 2013ൽ വലിയതുറ സ്വദേശി രതീഷ് എന്നയാളെ കൊലപ്പെടുത്തിയ കേസ്സിലും പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. ഒരു മോഷണക്കേസ്സിൽ ഇയാൾക്കെതിരെ എൽ.പി വാറണ്ടും കൊലക്കേസ്സിൽ വാറണ്ടും കോടതി പുറപ്പെടുവിച്ചിരുന്നു. സ്ഥിരമായ മേൽവിലാസമില്ലാത്ത ഇയാൾ കർണ്ണാടകയിലും തമിഴ്നാട്ടിലുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നു. പോലീസ് സംഘം ഇയാളുടെ ബാംഗ്ലൂരിലെ ഒളിത്താവളം കണ്ടത്തി അവിടെ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അവിടെ നിന്നും കടന്ന ഇയാൾ മുരുക്കുംപുഴയിൽ വാടകവീട് എടുത്ത് കുടുംബസമേതം കഴിഞ്ഞു വരികയായിരുന്നു. കഴക്കൂട്ടം സൈബർസിറ്റി അസ്സി: കമ്മീഷണർ ഹരി.സി.എസ്-ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ-മാരായ ജിനു, മിഥുൻ, ഷാജുകുമാർ, സി.പി.ഒ മാരായ ബിനു, ശ്യാം, അരുൺ, ശൈലേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് മുരുക്കുംപുഴയിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നിരവധി കേസ്സുകളിലെ പ്രതിയായ പിടികിട്ടാപ്പുളളി അറസ്റ്റിൽ





0 Comments