/uploads/news/news_പി.എൻ.ബി_തട്ടിപ്പ്_കേസിൽ_സി.ബി.ഐ_അന്വേഷണ..._1670725110_3740.jpg
Crime

പി.എൻ.ബി തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചു


കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ സീനിയർ മാനേജർ എം.പി റിജിലിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കോഴിക്കോട് കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത കത്തയച്ചു. കൂടാതെ സിബിഐ ഡയറക്ടർ, റിസർവ് ബാങ്ക് ഗവർണർ, പഞ്ചാബ് നാഷണൽ ബാങ്ക് ചെയർമാൻ എന്നിവർക്കും ശോഭിത കത്തയച്ചിട്ടുണ്ട്. 

അതേസമയം റിജിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. കോഴിക്കോട് കോർപ്പറേഷൻ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നാണ് പ്രതിഭാഗ വാദം. എന്നാൽ സീനിയർ മാനേജർ പദവി റിജിൽ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. 

ക്രൈംബ്രാഞ്ച് റിജിലിനായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. രാജ്യം വിടാതിരിക്കുവാൻ വിമാനത്താവളങ്ങളിൽ സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. കോർപ്പറേഷൻ അക്കൗണ്ടുമായി ബന്ധപ്പെട്ട് 21.5 കോടിയോളം രൂപ തിരിമറി നടന്നതായി ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 

സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ക്രൈംബ്രാഞ്ചിന് ഓഡിറ്റ് റിപ്പോർട്ട് കൈമാറി. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളിൽ നിന്നും കോർപ്പറേഷന്റെ എട്ട് അക്കൗണ്ടുകളിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. ഈ 17 അക്കൗണ്ടുകളിലായി ആകെ 21.5 കോടി രൂപ തിരിമറി നടത്തി. ചില അക്കൗണ്ടുകളിൽ പണം വീണ്ടും നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് കോർപ്പറേഷൻ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നാണ് പ്രതിഭാഗ വാദം.

0 Comments

Leave a comment