/uploads/news/news_പീഡനക്കേസ്:_സാഹിത്യകാരൻ_സിവിക്_ചന്ദ്രൻ_സ..._1658831008_8278.jpg
Crime

പീഡനക്കേസ്: സാഹിത്യകാരൻ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടെന്ന് പോലീസ്, ഫോൺ സ്വിച്ച് ഓഫ്


കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ സാഹിത്യകാരൻ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടെന്ന് പോലീസ്. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.


യുവ എഴുത്തുകാരിയുടെ പരാതിയിൽ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പോലീസ് സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്.


കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രൻ എവിടെയുണ്ടെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖ ഐ.ജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകൾ അറിയിച്ചു. ഐ.ജി.യുടെ ഓഫീസ് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതിയിൽ നടപടി വൈകുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹിക സാംസ്കാരിക രംഗത്തെ 100 പേർ ഒപ്പുവെച്ച നിവേദനവും മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.


അതേസമയം, കോഴിക്കോട് ജില്ലാകോടതി വഴി സിവിക് ചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്.. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികളിൽനിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പും പോലീസ് പൂർത്തിയാക്കി. ഏപ്രിൽ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വടകര ഡിവൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല.

പീഡനക്കേസ്: സാഹിത്യകാരൻ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടെന്ന് പോലീസ്, ഫോൺ സ്വിച്ച് ഓഫ്

0 Comments

Leave a comment