കടയ്ക്കാവൂർ: അയൽവാസിയായ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ, കവലയുർ കൊടിതൂക്കിക്കുന്ന്, വലിയ വിള വീട്ടിൽ സന്ദീപ് (35), സഹോദരൻ സജീവ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 12 - നാണ് കേസിനാസ്പദമായ സംഭവം. കവലയൂർ കൊടി തൂക്കിക്കുന്നിലെ റബർ എസ്റ്റേറ്റിൽ ജോലി നോക്കുന്ന പത്തനംതിട്ട സ്വദേശി അനിൽ കുമാറിന്റെ തലയ്ക്കടിച്ച് പരിക്കേൽപിക്കുകയും അനിലിന്റെ ഭാര്യയെ കടന്ന് പിടിക്കുകയും ചെയ്തു. കൂടാതെ ഇരുവരും ചേർന്ന് അവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും മെമ്മറി കാർഡ് ഊരിയെടുക്കുകയും ചെയ്യുകയായിരുന്നു. അയൽപക്കത്തെ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് പ്രചരണം നടത്തുന്നു എന്നാരോപിച്ചാണ് പ്രതികളായ സന്ദീപും സഹോദരൻ സജീവും ചേർന്ന് ഇവരെ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവൂർ സി.ഐ ആർ.ശിവകുമാറിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യൻ, ബി.എസ്.ഐ. മുകന്ദൻ, എസ്.സി.പി.ഒ സന്തോഷ്, ജ്യോതിഷ്, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പീഡനശ്രമം: പ്രതി അറസ്റ്റിൽ





0 Comments