കഴക്കൂട്ടം: പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറേയും മറ്റ് ജീവനക്കാരേയും ആക്രമിക്കാൻ ശ്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത ഗുണ്ടാ സംഘം കഠിനംകുളം പോലീസിന്റെ പിടിയിലായി. മേനംകുളം, ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ ചരുവിളാകത്ത് വീട്ടിൽ കമ്രാൻ എന്ന് വിളിക്കുന്ന സമീർ (20), മേനംകുളം, ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ അൽജസീം മൻസിലിൽ ഉരുളി എന്ന് വിളിക്കുന്ന ജസീം (24), മേനംകുളം, ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ കനാൽ പുറമ്പോക്കിൽ കൊച്ചു ഷാജി എന്ന് വിളിക്കുന്ന ഷാജി (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവം. ഈ മൂവർ സംഘം പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലേഡി ഡോക്ടറെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. കൂടാതെ രോഗികളെ ഭീഷണിപ്പെടുത്തുകയും ആശുപത്രിയിലെ ജനാലയും കൂളറും നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന കാൻസർ രോഗിയായ ചിറയ്ക്കൽ ആറ്റരികത്ത് വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ഷൈലജയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചാന്നാങ്കര സംസം കോട്ടേജിൽ ഷാഫിയുടെ മാരുതി വാൻ അടിച്ചു തകർത്ത കേസിലും നിരവധി വാഹനങ്ങൾ അടിച്ചു തകർത്ത കേസുകളിലും ഇവർ പ്രതികളാണെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാളായ കമ്രാൻ എന്നസമീറിന് കഠിനംകുളം, കഴക്കൂട്ടം, ശ്രീകാര്യം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഈ കേസുകളിൽ ജാമ്യത്തിൽ കഴിഞ്ഞു വരവെയാണ് ഇയാൾ വീണ്ടും അറസ്റ്റിലാവുന്നത്. മറ്റുള്ള പ്രതികൾക്കും വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് വില്പന, കൂലിത്തല്ല് പിടിച്ചുപറി തുടങ്ങിയ കേസുകളുണ്ട്. കഠിനംകുളം എസ്.എച്ച്.ഒ പി.വി.വിനേഷ് കുമാർ, എസ്.ഐമാരായ പി.അഭിലാഷ്, ഇ.പി.സവാദ് ഖാൻ, കൃഷ്ണ പ്രസാദ്, എ.എസ്.ഐ രാജു, ബിനു, നിസ്സാം, സി.പി.ഒമാരായ രാജേഷ്, വരുൺ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പുത്തൻതോപ്പ് ആശുപത്രിയിലെ ആക്രമണം: നിരവധി കേസുകളിലെ ഗുണ്ടാ സംഘം കഠിനംകുളം പൊലീസിന്റെ പിടിയിൽ





0 Comments