കഠിനംകുളം: പെരുമാതുറയിൽ അമിത വേഗതയിലെത്തിയ ഇരുചക്ര വാഹനമിടിച്ച് വഴിയാത്രക്കാരൻ മരണമടഞ്ഞു. പെരുമാതുറ, കൊട്ടാരംതുരുത്ത്, ഷബാന മൻസിലിൽ പരേതനായ ഫസലുദ്ദീന്റെ മകൻ ആസാദ് (67) ആണ് മരണമടഞ്ഞത്. ഇന്നലെ (വെള്ളിയാഴ്ച) രാത്രി 9 മണിയോടെ കൊട്ടാരം തുരുത്ത് മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ റോഡിൽ വച്ചാണ് അപകടമുണ്ടായത്.
പള്ളിയിൽ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ആസാദിനെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഷബിൻ എന്ന യുവാവ് ഓടിച്ച ബൈക്കാണ് ആസാദിനെ ഇടിച്ചിട്ടത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ആസാദിനെ നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പില്ലെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി 12 മണിയോടെ ആസാദ് മരണമടയുകയായിരുന്നു.
പള്ളിപ്പുറത്ത് സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് നിർത്തി സ്വർണം കൊള്ളയടിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്, ബൈക്ക് ഓടിച്ച ഷബിൻ എന്ന് പോലീസ് പറഞ്ഞു. അപകടത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി കഠിനംകുളം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കൊട്ടാരംതുരുത്ത് ജുമാ മസ്ജിദിലെ ജീവനക്കാരനാണ് മരിച്ച ആസാദ്. ഷാനിഫയാണ് ഭാര്യ. ജവാദ്, അൻവർ, ഷബാന എന്നിവർ മക്കളും, റിസ്വാന, അസിം എന്നിവർ മരുമക്കളുമാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 6 മണിയോടെ പെരുമാതുറ വലിയ പള്ളി മുസ്ലിം ജമാഅത്തിൽ കബറടക്കി.
പള്ളിപ്പുറത്ത് സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് നിർത്തി സ്വർണം കൊള്ളയടിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്, ബൈക്ക് ഓടിച്ച ഷബിൻ എന്ന് പോലീസ് പറഞ്ഞു.





0 Comments