പോത്തൻകോട്: ഭക്ഷണം ലഭിക്കാൻ താമസിച്ചതിലുള്ള വാക്കു തർക്കത്തെ തുടർന്ന് മദ്യപ സംഘം ഹോട്ടലുടമയെ വെട്ടിപ്പരിക്കേൽപിച്ചു. കോലിയക്കോട് ബിവറേജ് ജംഗ്ഷനിലെ തിരുവോണം ഹോട്ടൽ ഉടമ വാവറ അമ്പലം, ശ്രീനാരായണപുരം, ആതിരാലയത്തിൽ മോഹനൻ നായർക്കാണ് (55) വെട്ടേറ്റത്. ഒപ്പം ജീവനക്കാരനായ ഹരികുമാറിന് (35) മർദ്ദനമേൽക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് 6.45 നാണ് സംഭവം. ബൈക്കിലെത്തിയ മൂവർ സംഘം ഹോട്ടലിൽ കയറി ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ താമസിച്ചതിനെ തുടർന്ന് ഉടമയുമായി വാക്കു തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടയിൽ അക്രമി സംഘത്തിൽപെട്ട ഒരാൾ കൈയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മോഹനൻ നായരെ വെട്ടുകയായിരുന്നു. വെട്ടു തടുക്കുമ്പോൾ മോഹനൻ നായരുടെ കൈക്കു നിസാര പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവ ശേഷം മൂന്നു പേരും ബൈക്കിൽ കയറി പാറയ്ക്കൽ ഭാഗത്തേക്ക് പോയി. ദൃക്സാക്ഷികളിൽ നിന്ന് ബൈക്കിന്റെ നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൈയ്ക്ക് പരിക്കേറ്റ മോഹനൻ നായരെയും ഹരികുമാറിനെയും കന്യാകുളങ്ങര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭക്ഷണം ലഭിക്കാൻ താമസിച്ചതിലുള്ള വാക്കു തർക്കം. മദ്യപ സംഘം ഹോട്ടലുടമയെ വെട്ടിപ്പരിക്കേൽപിച്ചു





0 Comments