നെടുമങ്ങാട്: ഭാര്യയെ കൊല ചെയ്ത കേസിൽ റിട്ടയേർഡ് പോലീസുകാരൻ അറസ്റ്റിലായി. കരകുളം, ആറാംകല്ല്, ഏണിക്കര ഷാനാ നിലയത്തിൽ വേണു (72) വിനെ ആണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 2019 മെയ് 5 ന് രാത്രിയാണ് വേണുവിന്റെ ഭാര്യ ഗിരിജ (62) മരണപ്പെട്ടത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റും പരിശോധിച്ചതിൽ തലക്കേറ്റ പരിക്കാണ് മരണ കാരണമെന്നും തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വേണു സ്ഥിരമായി മദ്യപിച്ച് ഭാര്യ ഗിരിജയെ ഉപദ്രവിക്കാറുണ്ടായിരുന്നതായി വിവരം ലഭിച്ചു. സംഭവ ദിവസം മകന്റെ ഭാര്യയുടെ മുറിയിൽ കിടക്കുകയായിരുന്ന ഗിരിജയെ വേണു ഭീഷണിപ്പെടുത്തി വിളിച്ചിറക്കി. തുടർന്ന് ഇരുവരും പരസ്പരം വഴക്കിട്ടു. ചീത്ത വിളിച്ചു കൊണ്ട് ഗിരിജയുടെ അടിവയറ്റിലും മറ്റ് ശരീര ഭാഗങ്ങളിലും ചവിട്ടുകയും കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയുടെ പരന്ന ഭാഗം കൊണ്ട് തലയിൽ അടിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച മകന്റെ ഭാര്യക്കും മകനും പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നു ശ്വാസ തടസ്സം അനുഭവപ്പെട്ട ഗിരിജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തൽസമയം തന്നെ മരണപ്പെടുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമായി പറയപ്പെടുന്നത്. പോലീസിൽ നിന്നും വിരമിച്ച ശേഷം ഭാര്യയോടും മകനോടും കുടുംബത്തോടുമൊപ്പം ഏണിക്കരയിലുള്ള ഷാനാ നിലയത്തിലാണ് വേണു താമസിച്ചു വന്നിരുന്നത്. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നിർദേശാനുസരണം നെടുമങ്ങാട് പോലിസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ രാംകുമാർ, നൂറുൽ ഹസൻ, പോലീസുകാരായ അനിൽ കുമാർ, സനൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഭാര്യയുടെ കൊലപാതകം: റിട്ടയേർഡ് പോലീസുകാരൻ അറസ്റ്റിൽ





0 Comments