പാമ്പാടി: യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. യുവതിയുടെ ഭർത്താവാണ് പോലീസുകാരെ ആക്രമിച്ചത്. ആക്രമിക്കുന്നതായി യുവതിയുടെ ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ ആയിരുന്നു പോലീസ് പരാതി അന്വേഷിക്കാനായി പോയത്. എന്നാൽ പോലീസുകാർക്ക് നേരെ യുവതിയുടെ ഭർത്താവ് ആക്രമണം നടത്തി.
മൂക്കിന്റെ പാലത്തിനും നെറ്റിയിലും പരുക്കേറ്റ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിബിൻ ലോബോയെ (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ വെള്ളൂർ പായിപ്ര സാം കെ.കുര്യനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി 11നാണ് പ്രതി പോലീസുകാരെ ആക്രമിക്കുന്നത്. ഭർത്താവ് തന്നെ ആക്രമിക്കുന്നെന്നു പറഞ്ഞ് രാത്രി 10.30 നാണ് ഇയാളുടെ ഭാര്യ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറയുന്നത്. മദ്യലഹരിയിലാണ് ഭർത്താവെന്നും ഇവർ പറഞ്ഞിരുന്നു. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിൽ ആയിരുന്ന എസ്ഐ രമേശ്കുമാർ, ജിബിൻ ലോബോ, ഹോംഗാർഡ് ജയകുമാർ എന്നിവർ ഉടൻ ഇവരുടെ വീട്ടിലേക്ക് എത്തി കതകിൽ മുട്ടിവിളിച്ചു. പ്രതിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ഭാര്യ വീടിന്റെ അകത്തെ മുറിയിൽ കയറി കതകടച്ചിരിക്കുകയായിരുന്നു.
വീടിന്റെ വാതിൽ തുറന്ന സാം പോലീസുകാരെ ആക്രമിച്ചു. ജിബിനെ മൂക്കിനിടിച്ച് താഴെ വീഴ്ത്തി. ഇതിന് പിന്നാലെ ഇവിടെ നിന്ന് സാം ഓടിപ്പോയി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എസ്എച്ച്ഒ സുവർണകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു.
മൂക്കിന്റെ പാലത്തിനും നെറ്റിയിലും പരുക്കേറ്റ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിബിൻ ലോബോയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





0 Comments