പോത്തൻകോട്: മദ്യപിച്ച നാലംഗ സംഘം ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിച്ച വഴിയാത്രക്കാരനായ യുവാവ് മരിച്ചു. പോത്തൻകോട് ചന്തവിള മണ്ണറത്തൊടി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മൺവിള കോളനിയിൽ വിജയന്റെ മകൻ വിച്ചു എന്നു വിളിക്കുന്ന വിനയബോസ് (38 ) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22 നാണ് സംഭവം നടന്നത്. അന്ന് പുലർച്ചെ ഒരു മണിക്ക് പുല്ലാനിവിള റോഡ് വഴി നടന്നു വരികയായിരുന്നു വിനയ ബോസ്. പുല്ലാന്നിവിള കലിങ്കിന് സമീപം വെച്ച് മദ്യപിച്ചിരുന്ന സംഘവുമായുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ക്രൂരമായി മർദിച്ച് റോഡിൽ തള്ളുകയായിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ചോര വാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടക്കുകയായിരുന്ന ഇയാളെ സമീപ വാസികൾ വിളിച്ചറിയിച്ചതനുസരിച്ച് പോത്തൻകോട് പോലിസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്നു മൂന്നു ദിവസമായി മെഡിക്കൽ കോളേജിലെ ഐ.സി.യു.വിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെ വിനയബോസ് മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പുല്ലാന്നിവിള സ്വദേശികളായ നാലു പേർക്കായി തെരച്ചിൽ ആരംഭിച്ചതായി പോത്തൻകോട് പൊലീസ് അറിയിച്ചു. കൂലിപ്പണിക്കാരനായ ഇയാൾ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കൊലപാതക ശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയതായി പോത്തൻകോട് സി.ഐ എസ്.ഷാജി അറിയിച്ചു.
മദ്യപ സംഘം മർദിച്ചു റോഡിൽ തള്ളിയ യുവാവ് മരിച്ചു. നാലംഗ സംഘത്തെ പോലീസ് തിരയുന്നു.





0 Comments