കൊല്ലം: തെങ്കാശിയിൽ മലയാളി വനിതാ ഗേറ്റ്കീപ്പറെ ആക്രമിച്ച പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്. മധുര റെയിൽവേ സ്പെഷ്യൽ പൊലീസ് സംഘം ചെങ്കോട്ടയിൽനിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും അനീഷിനെതിരെ സമാനകേസ് ഉണ്ട്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ചെങ്കോട്ടയിൽ പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിനാണ് തെങ്കാശി പാവൂർഛത്രം റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിക്കുനേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. തിരുനെൽവേലി-ചെങ്കോട്ട പാസഞ്ചർ പോയശേഷം റെയിൽവേ ഗേറ്റ് തുറന്നിട്ട് മുറിയിലിരിക്കുമ്പോഴായിരുന്നു ആക്രമണം. യുവതി വീട്ടിലേക്ക് ഫോൺചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാൾ ക്രൂരമായി മർദിച്ചു.
റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റനിലയിൽ കണ്ടെത്തിയ യുവതിയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്.





0 Comments