കഴക്കൂട്ടം: വീട് കയറി ആക്രമിക്കുന്നതിന് വാളുമായി വരികയായിരുന്ന അക്രമി സംഘത്തെ പോലീസ് പട്രോളിംഗിനിടയിൽ കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ആറ്റിപ്ര വില്ലേജിൽ കല്ലിങ്കൽ ചേമ്പ് പറമ്പ് ശരണ്യ ഭവനിൽ ശരത് (29) ആറ്റിപ്ര, തൃപ്പാദപുരം, മേലെ കോണം, സുധീഷ് കുമാർ എന്ന കട്ട സുധീഷ് (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 30 ന് വെളുപ്പിന് കല്ലിങ്കൽ കോളനി ഭാഗത്ത് വെച്ച് കാണപ്പെട്ട അക്രമി സംഘം പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവെ ആയുധങ്ങളുമായി പിടികൂടുകയായിരുന്നു. കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലിങ്ങൽ കോളനിയിൽ പ്രതികളുടെ സുഹൃത്തായ മഞ്ജിത്തിനെ അനീഷ് എന്ന പശ അനീഷും കൂട്ടാളികളും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചതിൻ്റെ വിരോധത്തൽ പശ അനീഷിൻ്റെ വീട് ആക്രമിച്ചു കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എത്തിയതാണ് അക്രമി സംഘമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ശരത്, സുധീഷ് എന്നിവർക്ക് തുമ്പ, കഴക്കൂട്ടം പോലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, എക്സ്പ്ലോസീവ് കേസ് എന്നിവ ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളാണെന്നും പോലീസ് പറഞ്ഞു. കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റൻറ് കമ്മീഷണർ ആർ.അനിൽകുമാറിൻ്റെ നിർദ്ദേശ പ്രകാരം കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ പ്രവീണിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, ഗോപകുമാർ, സുമേഷ്, സി.പി.ഒമാരായ സജാദ്, ബിനു, പ്രഭിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാളുമായി കഴക്കൂട്ടത്ത് അക്രമി സംഘം അറസ്റ്റിൽ





0 Comments