വെഞ്ഞാറമൂട് : വീട്ടമ്മയ്ക്കു നേരെ ലൈംഗികാതിക്രമത്തിന് മുതിരുകയും ഒന്നര പവൻ മാല തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേര് അറസ്റ്റിലായി. അഞ്ചൽ വടമൺ അഗസ്ത്യക്കോട് നാലു സെന്റ് കോളനിയിൽ ഷിജു വിലാസത്തിൽ രാജൻ (46), സമീപവാസിയായ ഐഷാ ഭവനിൽ നിസാം (42) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലനാട് സ്വദേശിയായ വീട്ടമ്മയ്ക്കാണ് മോഷ്ടാക്കളിൽ നിന്ന് ലൈംഗികാതിക്രമ ശ്രമമുണ്ടായതും മാല നഷ്ടപ്പെട്ടതും. ബുധനാഴ്ച പകൽ രണ്ടരയ്ക്ക് നെല്ലനാട് കുറ്ററ കാറ്റാടിക്കടവ് റോഡിൽ വച്ചായിരുന്നു സംഭവം. നടന്നു പോകുകയായിരുന്ന വീട്ടമ്മയെ ചവിട്ടി നിലത്തിട്ട് ഇരുവരും ചേർന്ന് ലൈംഗിക ആക്രമണത്തിന് മുതിരുകയും ശ്രമം പരാജയപ്പെട്ടതോടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നല്കി. പൊലീസ് അഞ്ചലിലെത്തി നടത്തിയ തെരച്ചിലിൽ ഇരുവരെയും പിടികൂടുകയും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി.
വെഞ്ഞാറമൂട് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച് മാല കവർന്നു, പ്രതികൾ അറസ്റ്റിൽ





0 Comments