തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായകമായ തെളിവ് ശേഖരിച്ച് പൊലീസ്. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കുകയും ചെയ്തിരുന്നു.
ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോൺ രാജിന്റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെ കൂടിയാണ് ഇപ്പോൾ പൊലീസ് പ്രതി ചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ.
ഇന്ന് നടന്ന തെളിവെടുപ്പില്‍ നിർമൽ കുമാർ പൊലീസിന് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചുനല്‍കുകയായിരുന്നു. ഇവിടെ പരിശോധിച്ചപ്പോഴാണ് പച്ച അടപ്പുള്ള വെളുത്തനിറത്തിലുള്ള കുപ്പി കണ്ടെടുത്തത്.കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജോണ്സണ് മാധ്യമങ്ങളോട് പറഞ്ഞു. വീട് തുറന്നുള്ള തെളിവെടുപ്പ് ഗ്രീഷ്മയെ സ്ഥലത്തെത്തിച്ച് മറ്റൊരു ദിവസം നടത്തും.കേസിൽ അമ്മാവനെയും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് തെളിവുനശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി.
ഷാരോണ്‍ വധക്കേസ്, ഗ്രീഷ്മയുടെ അമ്മാവനുമായി തെളിവെടുപ്പ്, കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു





0 Comments