കഴക്കൂട്ടം: സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടിൽ നിന്നും 40,000 രൂപ എ.ടി.എം കാർഡു വഴി തട്ടിയതായി പരാതി. പള്ളിപ്പുറം, പാച്ചിറ സ്വദേശി റഹ്മത്തുള്ള (64) യുടെ സ്റ്റേറ്റ് ബാങ്കിന്റെ പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. റഹ്മത്തുള്ളയുടെ പെൻഷൻ അക്കൗണ്ടാണ് പള്ളിപുറം എസ്.ബി.ഐയിൽ ഉള്ളത്. രണ്ടു തവണയായി നാൽപതിനായിരം രൂപയാണ് തട്ടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഫോണിൽ രണ്ടു തവണ മെസേജ് വന്നിരുന്നു. ഇതിൽ നിന്നാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മനസിലായത്. ഒ.റ്റി.പിയോ പിൻ നമ്പരോ ആവശ്യപ്പെട്ട് ആരും തന്നെ വിളിച്ചിട്ടില്ലെന്നും പെൻഷൻ പണം എ.ടി.എം കാർഡു വഴി പിൻവലിച്ചതല്ലാതെ മറ്റ് ഓൺലൈൻ ഇടപാടുകൾ ഒന്നും നടത്തിയിട്ടില്ലെന്നും റഹ്മത്തുള്ള പറയുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ഉടൻ തന്നെ എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് സ്റ്റേറ്റ് ബാങ്കിലെത്തിയപ്പോഴാണ് മുംബൈയിലുള്ള ഏതോ എ.ടി.എം വഴിയാണ് പണം പിൻവലിച്ചതെന്ന് അറിയാൻ കഴിഞ്ഞത്. തുടർന്ന് ബാങ്കിനും മംഗലപുരം പൊലീസിലും പരാതി നൽകി. കേരള വാട്ടർ അതോറിട്ടി ജീവനക്കാരനായിരുന്ന റഹ്മത്തുള്ള ആകെയുള്ള വരുമാന തുകയാണ് നഷ്ടപ്പെട്ടത്.
സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്





0 Comments