കൊച്ചി: പെരുമ്പാവൂർ രായമംഗലത്ത് നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽക്കയറി വെട്ടിപരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയിൽ അൽക്ക അന്ന ബിനു(19)വിനാണ് മാരകമായി വെട്ടേറ്റത്. ഇരിങ്ങോൾ സ്വദേശി എൽദോസാണ് പെൺകുട്ടിയെ ആക്രമിച്ചത്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ അൽക്കയുടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിട്ടുണ്ട്. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട എൽദോസിനെ പിന്നീട് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആയുധവുമായി അൽക്കയുടെ വീട്ടിലെത്തിയെ പ്രതി പെൺകുട്ടിയെ അതിക്രൂരമായി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അൽക്കയുടെ മുത്തച്ഛൻ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവർക്കും വെട്ടേറ്റത്. നിലവിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ബന്ധുക്കളും ചികിത്സയിലാണ്.
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായ പ്രതി എൽദോസും കോലഞ്ചേരിയിൽ നഴ്സിങ് വിദ്യാർഥിനിയായ അൽക്കയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം. അടുത്തിടെ ഇവർ തമ്മിൽ അകൽച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പോലീസ് നൽകുന്ന സൂചന. അൽക്കയെ വീട്ടിൽക്കയറി ആക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് എൽദോസ് രക്ഷപ്പെട്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയായ പ്രതി എല്‍ദോസും കോലഞ്ചേരിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം.





0 Comments