/uploads/news/678-IMG-20190703-WA0049.jpg
Crime

അടച്ചിട്ടിരുന്ന വീട്ടിൽ 17 പവൻ മോഷ്ടിച്ച സംഭവത്തിൽ വീട്ടുടമയുടെ ബന്ധുവായ യുവതി അറസ്റ്റിൽ


പോത്തൻകോട്: അടച്ചിട്ടിരുന്ന വീട്ടിൽ കയറി 17 പവൻ മോഷ്ടിച്ച സംഭവത്തിൽ വീട്ടുടമയുടെ ബന്ധുവായ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊയ്ത്തൂർക്കോണം ഖബറടി ഫാത്തിമ മൻസിലിൽ ആർ.ഷംന (29) ആണ് അറസ്റ്റിലായത്. പോത്തൻകോട് ശാന്തിഗിരി ചെറുവല്ലി ടി.പി.ഹൗസിൽ ഷൈനിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം 24 ന് ആയിരുന്നു സംഭവം. വീട്ടുടമയായ ഷൈനിയുടെ ഭർത്താവിന്റെ അനുജന്റെ ഭാര്യയാണ് ഷംന. ഷൈനിയുടെ കുടുംബം ബന്ധുവിന്റെ വിവാഹത്തിന് പോയി വന്നപ്പോൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണമടങ്ങിയ പെട്ടി നഷ്ടപ്പട്ടതായി കാണുകയായിരുന്നു. എന്നാൽ ഇതേ അലമാരയിൽ സൂക്ഷിച്ചിരുന്ന മറ്റ് ആഭരണങ്ങളും സ്വർണ്ണ നാണയങ്ങളും പണവും ഒന്നും തന്നെ നഷ്ടപ്പെട്ടിരുന്നില്ല. പൂട്ടു പൊളിക്കാതെ തന്നെ വീടും അലമാരയും, താക്കോൽ ഉപയോഗിച്ച് തുറന്ന നിലയിലായിരുന്നു. കേസ് അന്വേഷിച്ച ആറ്റിങ്ങൽ ഡി.വൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് വീടിനു സമീപത്തുള്ള ചെറുവല്ലി മുസ്ലിം പള്ളിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോൾ ഒരു യുവതി ഓട്ടോയിൽ വന്നിറങ്ങുന്നതും മടങ്ങി പോകുന്നതുമായ ദൃശ്യം ലഭിച്ചു. തുടർന്ന് ആട്ടോക്കാരനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടന്ന വീട്ടിലേക്കു പോയ ഷംന ഉടൻ മടങ്ങിയെത്തുകയും വീട്ടിൽ ആളില്ലെന്നു പറഞ്ഞ് കൊയ്ത്തൂർക്കോണത്തെ വീട്ടിലേക്ക് മടങ്ങിയെന്നുമുള്ള വിവരം ലഭിക്കുന്നത്. തുടർന്നു ഷംനയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കല്ലാണത്തിന് പോയോ എന്ന് ഷൈനിയെ വിളിച്ച് ചോദിച്ച ശേഷം വീടിന്റെ പുറകു വശത്ത് വച്ചിരുന്ന താക്കോലെടുത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഇതിനു ശേഷം താക്കോൽ തിരികെ വയ്ക്കുകയും ചെയ്തു. തൊണ്ടി മുതൽ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ആട്ടോ ഡ്രൈവറായ ഭർത്താവിന്റെ മാല ഷംന മുൻപ് മോഷ്ടിച്ച് വിറ്റിരുന്നതായി പോത്തൻകോട് പോലീസ് പറഞ്ഞു. പോത്തൻകോട് സി.ഐ പി.എസ്.സുജിത്ത്, എസ്.ഐ വി.എസ്.അജീഷ്, ഗ്രേഡ് എസ്.ഐ രവീന്ദ്രൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ഗോപ കുമാർ, സനിത, താഹിറ ബീവി, ജ്യോതിസ്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ റിമാന്റ് ചെയ്തു.

അടച്ചിട്ടിരുന്ന വീട്ടിൽ 17 പവൻ മോഷ്ടിച്ച സംഭവത്തിൽ വീട്ടുടമയുടെ ബന്ധുവായ യുവതി അറസ്റ്റിൽ

0 Comments

Leave a comment