കഴക്കൂട്ടം: അമ്മയുടെ മർദ്ദനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി ആശുപത്രിയിലെത്തിച്ച 4 വയസുകാരി മരിച്ചു. കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. വർക്കല സ്വദേശിയും പാരിപ്പള്ളിയിൽ മുട്ടപ്പലം ചാവടിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ദീപുവിന്റെയും രമ്യയുടെയും മകൾ ദിയ (4) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. രണ്ടു ദിവസമായി കുട്ടിക്ക് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വീട്ടിലേയ്ക്ക് കൊണ്ടു പോവുകയും ചെയ്തു. എന്നാൽ കുട്ടി മരുന്നും ഭക്ഷണവും കഴിയ്ക്കാത്തതിനാൽ കുട്ടിയെ അടിക്കുകയായിരുന്നു. ഇന്ന് (6/10 ഞായർ) രാവിലെ 8 മണിക്കാണ് മർദ്ദനമേറ്റ പാടുകളുമായി അവശ നിലയിൽ കുട്ടിയെ പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. മർദ്ദനം സ്ഥിരീകരിച്ച ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ആശുപത്രിയിൽ എത്തുകയും ചെയ്തു. തുടർന്ന് വളരെ ഗുരുതര അവസ്ഥയിലായ കുട്ടിയുമായി പോലീസ് കുട്ടിയുടെ അമ്മയും അച്ഛന്റെ സഹോദരിയെയും പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജ് ഒരു ഡോക്ടറും കൂട്ടി ആംബുലൻസിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേയ്ക്കു തിരിച്ചു. എന്നാൽ കണിയാപുരത്ത് എത്തിയപ്പോൾ കിട്ടിയുടെ നില വഷളായതിനെത്തുടർന്ന് കഴക്കൂട്ടത്തുള്ള സി.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉള്ളതായി പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജിലെയും കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയിലെയും ഡോക്ടർമാർ പോലീസിനോട് അറിയിച്ചിട്ടുണ്ട്. കൂടാതെ കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിയെ സ്ട്രക്ചറിൽ വെയ്ക്കാനും മറ്റും സഹായിച്ച സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരും ശരീരമാസകലം അടിയുടെ പാടുകൾ കണ്ടതായി പറഞ്ഞു. മൃതദേഹം പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ദിയയുടെ അച്ഛൻ ദീപുവും രമ്യയും ഇപ്പോൾ പാരിപ്പള്ളി പോലീസിന്റെ കസ്റ്റഡിയിലാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മർദ്ദനമാണോ അസുഖമാണോ മരണകാരണമെന്ന് അറിയാൻ കഴിയുകയുള്ളു.
അമ്മയുടെ മർദ്ദനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി ആശുപത്രിയിലെത്തിച്ച 4 വയസുകാരി മരിച്ചു





0 Comments