ആന്ധ്ര: തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് 325 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിയെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണി എന്ന സ്ഥലത്ത് നിന്നും പിടികൂടി. വിശാഖപട്ടണം, കെ.ഡി പേട്ട ഗുണ്ണമാമിഡി പട്ടകെഡിപേട്ട പല്ലാവരു സ്വദേശി ശ്രീനു എന്നു വിളിക്കുന്ന ശ്രീനിവാസ് (21) നെയാണ് ഷാഡോ പോലീസ് സംഘം അതിസാഹസികമായി കീഴ്പ്പെടുത്തിയത്. പൂന്തുറ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാസങ്ങൾക്ക് മുൻപ് നഗരത്തിൽ വില്പ്പനക്കായി കൊണ്ടുവന്ന 136 കിലോ കഞ്ചാവുമായി മൂന്ന് മലയാളികളെയും 10 കിലോ കഞ്ചാവുമായി ഒരു ആന്ധ്ര സ്വദേശിയെയും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരമനുസരിച്ചും, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും നഗരത്തിൽ കൂടിയ അളവിൽ കഞ്ചാവ് എത്തുന്നത് പ്രധാനമായും ആന്ധ്രപ്രദേശിലെ നർസി പട്ടണം, ഈസ്റ്റ് ഗോദാവരി എന്നീ സ്ഥലങ്ങളിൽ നിന്നാണെന്ന് കണ്ടെത്തിയ ഷാഡോ പോലീസ് സംഘം, ഈസ്റ്റ് ഗോദാവരി എന്ന സ്ഥലത്തെത്തുകയായിരുന്നു. കഞ്ചാവ് കടത്ത് പ്രധാനികളെ പിടികൂടാൻ ദിവസങ്ങളോളം അവിടെ തങ്ങി അന്വേഷണം നടത്തി, ഗോദാവരിയിലെ ഉൾനാടൻ ഗ്രാമത്തിലെത്തി, വൻ കഞ്ചാവ് ശേഖരം കേരളത്തിലേക്ക് കൊണ്ടുപോകാനായി കൈമാറിയ സമയത്താണ് പ്രതിയെ പിടികൂടിയത്. മാവോയിസ്റ്റ്-നക്സൽ സാന്നിദ്ധ്യമുള്ള മേഖലയിൽ തോക്കും മറ്റു മാരകായുധങ്ങളുമായാണ് ഇവർ കഞ്ചാവ് കൈമാറുന്നത്. മൽപിടുത്തത്തിലൂടെയാണ് ഷാഡോ സംഘം ഇയാളെ പിടികൂടിയത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആന്ധ്ര പ്രദേശിലെ നക്സൽ ബാധിത മേഖലയിൽ നിന്നാണ് വൻതോതിൽ കഞ്ചാവെത്തുന്നത്. അവിടെ പോയി അവരെ പിടികൂടുക എന്നത് വളരെ ദുഷ്കരമാണ്. സിറ്റി ഷാഡോ പോലീസ് അടുത്ത കാലങ്ങളിലായി പിടിച്ച മൊത്തക്കച്ചവടക്കാരിൽ ഏറെയും നഗരത്തിൽ കഞ്ചാവ് എത്തിക്കുന്നത് ഇത്തരം മേഖലകളിൽ നിന്നാണ്. ഇങ്ങനെ പിടികൂടിയ കഞ്ചാവ് മൊത്ത കച്ചവടക്കാരെ ചോദ്യം ചെയ്തതിൽ ഇപ്പോൾ കഞ്ചാവ്പിടികൂടിയ സ്ഥലങ്ങളിലെ കഞ്ചാവ് മൊത്തക്കച്ചവട മാഫിയ സംഘങ്ങളിലേക്കാണ് അന്വേഷണം എത്തിയത്. ഇവരെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയ ഷാഡോ പോലീസ് സംഘം സിറ്റി പോലീസ് കമ്മീഷണർ കെ.സഞ്ജയ് കുമാർ ഗുരുദിന്റെ നിർദ്ദേശത്തെ തുടർന്നു ഇവരെ പിടികൂടാൻ ആന്ധ്രാപ്രദേശിലേക്ക് തിരിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ കഞ്ചാവ്, മറ്റു ലഹരി വസ്തുക്കൾ, വില്ക്കുന്നവരെയും കഞ്ചാവിന്റെ ഉപഭോഗം തടയുന്നതിനുമായി സിറ്റി പോലീസ് നടത്തുന്ന ശക്തമായ നടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ.സഞ്ജയ്കുമാർ ഗുരുദിന് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിന്റെ നേതൃത്വത്തിൽ ഡി.സി.പി ആർ.ആദിത്യ, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ സന്തോഷ്കുമാർ, പൂന്തുറ എസ്.എച്ച്.ഓ സാബു.എൻ.ജി, ഷാഡോ എസ്.ഐ സുനിൽ ലാൽ.എ.എസ്, ഷാഡോ എ.എസ്.ഐമാരായ ഗോപകുമാർ, അരുൺ കുമാർ, യശോധരൻ, ഷാഡോ ടീം അംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
ആന്ധ്രയിലെ മാവോയിസ്റ്റ് മേഖലയിൽ സിറ്റി ഷാഡോ പോലീസിന്റെ അതിസാഹസികമായ വൻ കഞ്ചാവ് വേട്ട





0 Comments