മലപ്പുറം∙ എടവണ്ണ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളായ സഹോദരനും സഹോദരിയും സംസാരിച്ചു നിൽക്കുന്നതു മൊബൈലിൽ പകർത്തിയതു ചോദ്യം ചെയ്തവരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെ 5 പേർ അറസ്റ്റിൽ. സിപിഎം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീൽ മാലങ്ങാടൻ എന്നിവരുൾപ്പെടെ 5 പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഈ മാസം 13ന് എടവണ്ണ സ്റ്റാൻഡിലാണു സംഭവങ്ങളുടെ തുടക്കം. വണ്ടൂരിലെ കോളജ് വിദ്യാർഥിനിയും എടവണ്ണയിലെ സ്കൂൾ വിദ്യാർഥിയായ സഹോദരനും എടവണ്ണ ബസ് സ്റ്റാൻഡിൽ സംസാരിച്ചിരിക്കുകയായിരുന്നു. കണ്ടുനിന്നവരിലൊരാൾ ഇതു മൊബൈലിൽ പകർത്തി. സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തപ്പോൾ വാക്കേറ്റമാവുകയും തുടർന്നു കൂട്ടം ചേർന്നു മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണു പരാതി. പൊലീസെത്തിയാണു സംഘർഷം അവസാനിപ്പിച്ചത്.
ഈ സംഭവത്തിനു പിറ്റേന്നു ‘ജനകീയകൂട്ടായ്മ’യുടെ പേരിൽ വിദ്യാർഥികൾക്കു മുന്നറിയിപ്പായും വിദ്യാർഥി പക്ഷത്തിന്റെ മറുപടിയായും ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. അഞ്ചുമണിക്കു ശേഷം ബസ് സ്റ്റാൻഡ് പരിസരത്തു വിദ്യാർഥികളെ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുനൽകി ജനകീയ കൂട്ടായ്മ ഫ്ലെക്സ് വയ്ക്കുകയായിരുന്നു. എന്നാൽ ‘രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണു ബസ് കൺസഷൻ സമയമെന്നും 5നു ശേഷം കണ്ടാൽ കൈകാര്യം ചെയ്തു കളയുമെന്നു ബോർഡ് വയ്ക്കാൻ അധികാരമില്ലെന്നും’ വിദ്യാർഥിപക്ഷ’ മെന്ന പേരിൽ മറുപടി ഫ്ലെക്സും പ്രത്യക്ഷപ്പെട്ടു. പിന്നാലെ പൊലീസെത്തി രണ്ടു ബോർഡുകളും നീക്കം ചെയ്യുകയായിരുന്നു.
സംഭവത്തിനു ശേഷം എടവണ്ണയില്‍ നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. സഹോദരനൊപ്പം സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ മൊബൈലില്‍ എടുത്ത ശേഷം ഒരു സംഘമാളുകള്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സഹോദരന്‍ പ്രതികരിച്ചിരുന്നു. അതേസമയം, സംഭവത്തിൽ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘം ആളുകൾ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെയാണ് എടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ് ഉയർന്നത്.





0 Comments