കഴക്കൂട്ടം: വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചു നൽകി
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ, നരുവാമൂട് നടുക്കാട് സ്വദേശിനി ജോമോൾ(21), ഇവരുടെ ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗർ സ്വദേശി അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച കഠിനംകുളത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ യുവതിയും ഭർത്താവും അഞ്ച് വളകൾ ഒന്നര ലക്ഷം രൂപക്ക് പണയം വെച്ചിരുന്നു. ബാങ്ക് ജീവനക്കാരൻ 75,000 രൂപ നൽകിയിട്ട് ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞു. കഴിഞ്ഞദിവസം ബാങ്ക് ഉടമ ഈ വളകൾ ദേശസാൽകൃത ബാങ്കിൽ പണയം വെക്കാൻ എത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചത്.
സ്ഥാപനയുടമ ഉടൻ തന്നെ കഠിനംകുളം പൊലീസിൽ പരാതി നൽകുകയും, പൊലീസിന്റെ നിർദേശപ്രകാരം പണയം വെച്ചവരെ ബാക്കി തുക നൽകാമെന്ന് പറഞ്ഞ് പണമിടപാട് സ്ഥാപനത്തിലേക്ക്
വിളിച്ചു വരുത്തുകയുമായിരുന്നു. തുടർന്ന് അവിടെനിന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇവരെ മര്യനാട് സ്വദേശിയായ അജീബ് ആൻഡ്രൂസ് എന്നയാളാണ് മുക്കുപണ്ടം പണയം വെക്കാൻ പറഞ്ഞുവിട്ടതെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം. കമ്മീഷൻ വ്യവസ്ഥയിൽ സ്വർണം പണയം വെക്കാൻ ആളിനെ പറഞ്ഞു വിടുന്നതാണ് അജീബ് ആൻഡ്രൂസിന്റെ രീതി.
ഒരു ലക്ഷം രൂപക്ക് പണയം വെച്ചു നൽകിയാൽ 25000 രൂപ പ്രതിഫലം നൽകും. ഇതിനായി ആധാർ കാർഡിൽ വിലാസവും മറ്റും മാറ്റി നിർമിച്ചുനൽകിയാണ് തട്ടിപ്പിന് അജീബ് ആളെ വിടുന്നത്. ഇത്തരത്തിൽ പലയിടത്തും തട്ടിപ്പു നടത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
ദമ്പതികൾ പിടിയിലായതായി മനസ്സിലാക്കിയ അജീബ് ആൻഡ്രൂസ് കാറിൽ രക്ഷപ്പെട്ടു. ഇയാളെ പിന്തുടർന്ന് പൊലീസ് എത്തിയെങ്കിലും പൊലീസിന്റെ കൈ തട്ടിമാറ്റി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ ഉൾപ്പെടെ രണ്ടു കാറുകളും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ദമ്പതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് കേസുകളിലടക്കം പ്രതിയാണ് അജീബ്.
നരുവാമൂട് നടുക്കാട് സ്വദേശിനി ജോമോൾ(21), ഇവരുടെ ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗർ സ്വദേശി അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്.





0 Comments