/uploads/news/news_കല്ലമ്പലം_സ്റ്റേഷനിലെ_പോലീസുകാരെ__വധിക്ക..._1646848536_8796.jpg
Crime

കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അനസ് കൊടുംകുറ്റവാളി.


കല്ലമ്പലം: പാരിപ്പള്ളി ജങ്ഷനിൽ നടുറോഡിൽ കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാരെ ഇന്നലെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ചാവർ കോട് മലച്ചിറ കോട്ടയ്ക്കകം വീട്ടിൽ അനസ് (24) കൊടുംകുറ്റവാളിയെന്നു പോലീസ്.എസ്.ഐ. ജയൻ, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ശ്രീജിത്ത് ,ചന്തു എന്നിവർക്കാണ് പ്രതിയെ പിടികൂടുന്നതിനിടെ കുത്തേറ്റത്. ഇതിൽ വിനോദ് ആശുപത്രി വിട്ടു. ശ്രീജിത്ത് ഐ.സി.യു.വിൽ നിരീക്ഷണത്തിലാണ്. മറ്റു രണ്ടുപേർ അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച (08/03/22) വൈകുന്നേരം അഞ്ചരയോടെ പാരിപ്പള്ളി ജങ്ഷനിലാണ് സംഭവം. 2018ൽ ചാവർകോട് മലച്ചിറയിൽ ഒരു ക്ലബിന് നേരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബോബെറിഞ്ഞ കേസിലെ പ്രതിയാണ് അനസ്. ഈ കേസിലാണ് അനസിനെ പിടികൂടാൻ ആറ് പോലീസുകാർ പാരിപ്പള്ളിയിൽ എത്തിയത്. വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ള അനസിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഡിജിപിയുടെ ഉത്തരവ് പ്രകാരം പിടികിട്ടാപ്പുള്ളികളെയും ഗുണ്ടകളെയും പിടികൂടുന്നതിനു ഓരോ സ്റ്റേഷനിലെയും എസ്.ഐമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ കല്ലമ്പലം സ്റ്റേഷനിൽ എസ്.ഐ ജയനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അനസിനെ പിടികൂടാൻ പാരിപ്പള്ളിയിൽ എത്തുന്നത്.എസ്. ഐ ജയൻ, സിവില്‍ പൊലീസ് ഉദ്യോ​ഗസ്ഥരായ വിനോദ്, ശ്രീജിത്ത്‌, ചന്തു എന്നിവർ ഉൾപ്പെട്ട സംഘം മഫ്തിയിലാണ് പ്രതിയുള്ള സ്ഥലത്ത് എത്തിയത്.

ഗുണ്ടാ നേതാവും ലഹരി കടത്തും അക്രമവും സ്ഥിരമാക്കിയ പ്രതി കൈ വിരലുകൾക്ക് ഇടയിൽ ബ്ലേഡ് വെച്ചാണ് നടക്കുന്നത്. ഇതിനിടെ പ്രതി നിരവധി പേരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ നടത്തിയതിനുശേഷം ബാംഗ്ലൂരിൽ എത്തി ഒളിവിൽ കഴിയും. ഇടയ്ക്ക് നാട്ടിൽ എത്തി മദ്യ-മയക്കുമരുന്ന് കച്ചവടവും നടത്തിയിരുന്നു.കയ്യിൽ കാശ് ഇല്ലാതെ വരുമ്പോൾ ആൾക്കാരെ ബ്ലേഡ് കൊണ്ട് ശരീരത്തിൽ പോറൽ ഏൽപ്പിച്ച് ഭീഷണിപ്പെടുത്തി കാശ് വാങ്ങുമായിരുന്നു.

പോലീസിനെ കണ്ട പ്രതി ഓടുകയും സാഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു. അപ്പോഴാണ് പ്രതി കത്തി ഉപയോഗിച്ച് പോലീസുകാരെ കുത്തിയത്. എസ്.ഐ ജയനെ നെഞ്ചില്‍ ഇടിച്ച് പരിക്കേല്‍പിച്ചത് തടയാന്‍ ശ്രമിച്ച ശ്രീജിത്തിന്റെ നട്ടെല്ലിന് സമീപം കുത്തേറ്റു. വിനോദിന്റെ കാലിനാണ് കുത്തേറ്റത്.  

ജീവൻ പണയം വെച്ചാണ് പോലീസുകാർ കൃത്യനിർവ്വഹണം നടത്തിയത്. രക്തം വാർന്നൊലിച്ചിട്ടും പ്രതിയെ പിടികൂടി പോലീസ് ജീപ്പിൽ കല്ലമ്പലത്ത് എത്തിച്ചു. വാഹനത്തിൽ വെച്ച് നിരവധി തവണ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഒടുവിൽ സ്റ്റേഷനിൽ  എത്തിച്ച ശേഷമാണ് പോലീസുകാർ ആശുപത്രികളിലേക്ക് പോയത്. കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരിമരുന്ന് നൽകുന്ന അനസിനെ പോലീസ് പിടികൂടുമ്പോഴും ഇയാളുടെ പക്കൽ രണ്ട് സിറിഞ്ചുകൾ ഉണ്ടായിരുന്നു. സിന്തറ്റിക്ക് ഡ്രഗ്സാണ് അനസ് കുട്ടികൾക്ക് ഉൾപ്പെടെ കച്ചവടം നടത്തി വന്നിരുന്നത്.പോലീസുകാരെ ആക്രമിച്ച കേസിൽ പാരിപ്പള്ളി പോലീസ്  കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു പ്രതിയെ റിമാൻഡ് ചെയ്തു.

രക്തം വാർന്നൊലിച്ചിട്ടും പ്രതിയെ പിടികൂടി പോലീസ് ജീപ്പിൽ കല്ലമ്പലം സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് പോലീസുകാർ ആശുപത്രികളിലേക്ക് ചികിത്സ തേടി പോയത്.

0 Comments

Leave a comment