കഴക്കൂട്ടം: ആശുപത്രിയുടെ വാർഡിൽ കയറി ഓപ്പറേഷൻ കഴിഞ്ഞു കിടന്ന രോഗിയുടെ പഴ്സിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. മണ്ണൂർക്കര, പരുത്തിപ്പള്ളി, ചെമ്മണംകുഴി റോഡരികത്ത് വീട്ടിൽ അമീർ ഹംസ (50) യെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴചയാണ് മോഷണം നടന്നത്. കഴക്കൂട്ടം എ.ജെ ആശുപത്രിയിലെ ക്യൂബിക്കൽ വാർഡിൽ ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തോന്നയക്കൽ സ്വദേശിനിയുടെ കട്ടിലിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണ്ണാഭരണങ്ങളും 8,000 രൂപയുമടങ്ങുന്ന പഴ്സുമാണ് മോഷ്ടിച്ചത്. കൂട്ടിരിപ്പുകാർ ഇല്ലാതിരുന്ന സമയം നോക്കിയായിരുന്നു പ്രതി മോഷണം നടത്തിയത്. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്തർ സംസ്ഥാന മോഷ്ടാക്കളുടെ രൂപസാദൃശ്യവും മറ്റും ഒത്തുനോക്കിയും വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അന്വേഷിച്ചു വരവെ കഴക്കൂട്ടം സൈബർസിറ്റി എ.സി.പി ഹരി.സി.എസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വെമ്പായത്തുള്ള ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐമാരായ ജിനു, മിഥുൻ, എസ്.സി.പി.ഒ ബൈജു സി.പി.ഒമാരായ സജാദ് ഖാൻ, സുജിത്, ഷിബിൻ, ഷഹാന എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴക്കൂട്ടത്ത് ആശുപത്രിയിൽ നിന്നും രോഗിയുടെ സ്വർണ്ണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ





0 Comments