കഴക്കൂട്ടം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ബൈക്കുകൾ മോഷ്ടിച്ച സംഘത്തെ തുമ്പ പൊലീസ് അറസ്റ്റുചെയ്തു. കൊച്ചുവേളി സ്വദേശി കിരൺ എന്നുവിളിക്കുന്ന മാക്സ്വെൽ (21),കേശവദാസപുരം മരുതൂർ സ്വദേശികളായ അർജുൻ (19),അക്ഷയ് (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിപെട്രോൾ നടത്തുന്നതിനിടയിൽ സംശയകരമായ നിലയിൽ കണ്ടെത്തിയ പ്രതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരങ്ങൾ പുറത്തായത്. വിവിധയിടങ്ങളിൽ നിന്ന് നാലോളം ബൈക്കുകൾ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തുനിന്നും മോഷ്ടിച്ച രണ്ട് ബൈക്കുകൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു. തുമ്പ എസ്.എച്ച്.ഒ. കെ.ഹേമന്ത്, എ.എസ്.ഐ.നസീർ, സി.പി.ഒ., ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കഴക്കൂട്ടത്ത് ബൈക്ക് മോഷണസംഘം അറസ്റ്റിൽ





0 Comments