/uploads/news/729-IMG_20190715_213036.jpg
Crime

കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി


കഴക്കൂട്ടം: കാര്യവട്ടം കാമ്പസിനുള്ളിൽ നിന്നു കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകാര്യം -കോളേജ് ഓഫ് എൻജിനീയറിങ്ങിലെ എം.ടെക്. രണ്ടാം വർഷ വിദ്യാർത്ഥിയായ ശ്യാം പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്യവട്ടം കാമ്പസിനുള്ളിലെ കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദുർഗന്ധത്തെ തുടർന്ന് യൂണിവേഴ്സിറ്റി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണുള്ളത്. മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ച ബാഗിൽ നിന്ന് ഐ.ഡി കാർഡും പുസ്തകങ്ങളും മൊബൈൽ ഫോണും കിട്ടി. ഇതിൽ നിന്നാണ് മൃതദേഹം ശ്യാമിൻറേതാണെന്ന് സ്ഥിരീകരിച്ചത്. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിദ്യാർഥിയെ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ കാര്യവട്ടം കാമ്പസിലാണ് അവസാനമായി ഇയാളുടെ ഫോൺ ലൊക്കേഷൻ കാണിച്ചിരുന്നത്. ശ്യാം കാമ്പസിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥിയെ കണ്ടെത്താൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബി.ടെക് കഴിഞ്ഞതിന് ശേഷം കുറച്ച് നാൾ ബാഗ്ലൂരിലുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ശ്യാം ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് എം.ടെക്കിന് ചേർന്ന് പഠനം തുടങ്ങിയത്. കോഴിക്കോട് വടകര സ്വദേശിയായ ശ്യാം രണ്ടു വർഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്ട് വാലി ഫ്ലാറ്റിൽ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ലൈബ്രറിയിൽ പോകുന്നു എന്നു പറഞ്ഞാണ് ശ്യാം ഫ്ളാറ്റിൽ നിന്നും ഇറങ്ങിയത്. രാത്രി ഏറെ വൈകിയും ശ്യാം വീട്ടിൽ എത്തുകയോ ഫോണിൽ വിളിച്ചിട്ട് കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ കാര്യവട്ടം ക്യാമ്പസിനുള്ളിൽ തിരച്ചിൽ ആരംഭിച്ചുവെങ്കിലും മണം പിടിച്ചെത്തിയ നായ്ക്കൾ ക്യാമ്പസിനുള്ളിലെ ഹൈമവതി കുളത്തിനരികിൽ വന്നെത്തി നിൽക്കുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും ശ്യാം കുളത്തിലേക്ക് ഇറങ്ങിയതിന്റെ സൂചനകൾ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ അഗ്നിശമന സേനയുടെ അഞ്ച് അംഗ മുങ്ങൽ വിദഗ്ദരുടെ സംഘം കോളേജ് കാമ്പസിനുള്ളിലെ ഹൈമാവതി കുളത്തിൽ തിരച്ചിൽ നടത്തിയിരുന്നു. കുളത്തിനു ചുറ്റുമുള്ള കാട്ടിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്ന് തിരച്ചിൽ നടത്തിയതിന് ഒരു കിലോമീറ്റർ മാറി കാട്ടിനുള്ളിൽ നിന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി

0 Comments

Leave a comment