കൊച്ചി: കാറിൻ്റെ പിൻ സീറ്റിലെ രഹസ്യ അറയിൽ ഒളിപ്പിപ്പു കടത്താൻ ശ്രമിച്ച കാൽ കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവുമായി 2 പേർ പിടിയിലായി. കാറിലുണ്ടായിരുന്ന കൊട്ടാരക്കര പൂയ്യപ്പള്ളി സ്വദേശി രാജീവ് (40), മഹാരാഷ്ട്ര ചന്ദ്രപ്പൂർ സ്വദേശി എസ്.കെ.മുരുകൻ (41) എന്നീ പ്രതികളെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അങ്കമാലി - ആലുവ ദേശീയ പാതയിൽ കോട്ടായി ഭാഗത്ത് വെച്ച് കാർ കണ്ടെത്തി തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കാറിൻ്റെ പിൻ സീറ്റിനുള്ളിൽ അതി വിദഗ്ദമായി നിർമ്മിച്ച രഹസ്യ അറയ്ക്കുള്ളിലാണ് കഞ്ചാവ് കണ്ടത്തിയത്. 18 പായ്ക്കറ്റുകളിലായി 40 കിലോയോളം കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്. മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിൽ 2 പേർ ആന്ധ്രയിൽ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് പ്രതികളെ പിടികൂടാനായതെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാർ അറിയിച്ചു. പ്രതികളെയും തൊണ്ടിയായി ലഭിച്ച കഞ്ചാവും, കഞ്ചാവ് കടത്തിക്കൊണ്ടു വന്ന എം.എച്ച് 34 കെ - 4061എന്ന രജിസ്ട്രേഷൻ നമ്പർ ഹോണ്ട സിറ്റി കാറും തുടരന്വേഷണങ്ങൾക്കായി ആലുവ എക്സൈസ് സർക്കിൾ സംഘത്തിന് കൈമാറി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാർ, സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, എസ്.മധുസൂദനൻ നായർ, റോയി.എം.ജേക്കബ്ബ്, പ്രിവന്റീവ് ഓഫീസർമാരായ മുസ്തഫ ചോലയിൽ, ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, വിശാഖ്, രാജേഷ്, ഷംനാദ്, മുഹമ്മദലി, എം.എം.അരുൺ, ബസന്ത്, അനൂപ്.പി, ജി.വനിതാ സിവിൽ എക്സൈസ് ഓഫീസറായ ധന്യ.എം.എ, എക്സൈസ് ഡ്രൈവർ കെ.രാജീവ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കാറിൻ്റെ സീറ്റിലെ രഹസ്യ അറയിൽ സൂക്ഷിച്ച 40 കി.ഗ്രാം കഞ്ചാവുമായി 2 പേർ പിടിയിൽ





0 Comments