ദേശീയപാത ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർകൂടി അറസ്റ്റിലായി. മധുര ആട്ടയാംപതി സ്വദേശികളായ ചക്രവർത്തി (28), സന്തോഷ്കുമാർ (26) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി. ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ആദ്യം അറസ്റ്റിലായ ആറുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. മുഴുവൻ പ്രതികളെയും കൂട്ടി വടക്കഞ്ചേരി പോലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ചുവട്ടുപാടത്ത് ദേശീയപാതയ്ക്കരികിലുള്ള പുതിയേടത്ത് വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ സാം പി. ജോണിന്റെ വീട്ടിലാണ് സെപ്റ്റംബർ 22-ന് രാത്രി എട്ടരയോടെ കവർച്ചയുണ്ടായത്. വജ്രാഭരണങ്ങളുൾപ്പെടെ 25.5 പവനും 10,000 രൂപയുമാണ് കവർന്നത്. ചക്രവർത്തിയെയും സന്തോഷ്കുമാറിനെയും കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചുവട്ടുപാടത്തെ കവർച്ചക്കേസിൽ പ്രതികളിലേക്കെത്താൻ പോലീസിന് നിർണായക വഴിത്തിരിവായത് അയൽവാസിയായ വിദ്യാർഥി അർഷക് ഇസ്മയിലിന്റെ നിരീക്ഷണം. സംഭവം നടന്ന ദിവസം റോഡിൽ ഒരു കാർ നിന്നിരുന്നു. വാഹനങ്ങളുടെ നമ്പറും മോഡലും നിരീക്ഷിക്കുന്നതിൽ കമ്പമുണ്ടായിരുന്ന അർഷക് ഈ കാറും നിരീക്ഷിച്ചിരുന്നു. നമ്പർ ഓർത്തുവയ്ക്കുകയും ചെയ്തിരുന്നു. മോഷണം നടന്നശേഷം കാറിനെക്കുറിച്ചുള്ള കാര്യങ്ങൾ അർഷക് പോലീസിനോട് പറഞ്ഞതാണ് പ്രതികളെ പെട്ടെന്ന് കണ്ടെത്താനായതെന്ന് ആലത്തൂർ ഡിവൈ.എസ്.പി. ആർ. അശോകൻ പറഞ്ഞു. മധുര ആട്ടയാംപതിയിൽ സന്തോഷ്കുമാറിനെ പിടികൂടാനെത്തിയപ്പോൾ പോലീസ് നേരിട്ടത് കടുത്ത പരീക്ഷണം. വടക്കഞ്ചേരി എസ്.ഐ. കെ.വി. സുധീഷ്കുമാറും സംഘവും സന്തോഷ്കുമാറിന്റെ വീട്ടിലെത്തിയപ്പോൾ ഒരു വയസ്സായ സ്വന്തം കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ച് സന്തോഷ്കുമാർ ഭീഷണി മുഴക്കി. പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തമിഴ്നാട് പോലീസെത്തിയെങ്കിലും സന്തോഷ്കുമാർ കീഴടങ്ങാൻ തയ്യാറായില്ല. ബലപ്രയോഗത്തിന് മുതിരാതെ പോലീസ് കാത്തിരുന്നു. പോലീസ് പിന്മാറില്ലെന്ന് കണ്ടതോടെയാണ് സന്തോഷ്കുമാർ കീഴടങ്ങിയത്.
കുഞ്ഞിന്റെ കഴുത്തില് കത്തിവെച്ച് പ്രതിയുടെ ഭീഷണി





0 Comments