തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കൂടുതൽപേർ പരാതിയുമായി രംഗത്ത്. കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായർ(41) അറസ്റ്റിലായതിന് പിന്നാലെയാണ് കൂടുതൽ പേർ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, തട്ടിപ്പ് കേസിൽ പ്രതിയായ ടൈറ്റാനിയം ലീഗൽ എ.ജി.എം. ശശികുമാരൻ തമ്പിയെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു.
വേളിയിലെ ടൈറ്റാനിയം പ്ലാന്റിൽ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും ദിവ്യ നായരും സംഘവും കോടികൾ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭർത്താവ് രാജേഷ്, ടൈറ്റാനിയം ലീഗൽ എ.ജി.എം. ശശികുമാരൻ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാർ, ശ്യാംലാൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. ഇവരെല്ലാം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
പ്രതികൾക്കെതിരേ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് പരാതികളിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. അതേസമയം, ദിവ്യയുടെ ഡയറിയിൽ മാത്രം ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങളുണ്ട്. മാത്രമല്ല, 15 കോടിയോളം രൂപ പലരിൽനിന്നായി വാങ്ങിയതായി ദിവ്യ മൊഴി നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ടൈറ്റാനിയം ജോലി തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്ന് പോലീസ് വിലയിരുത്തുന്നത്. പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പോലീസ് സംശയിക്കുന്നു.
മാസം 75,000 രൂപ ശമ്പളത്തിലാണ് ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ പ്രതികൾ ജോലി വാഗ്ദാനം ചെയ്തിരുന്നത്. പലരും ലക്ഷങ്ങളാണ് ഈ ജോലിക്ക് വേണ്ടി നൽകിയത്. 2018 മുതൽ പ്രതികൾ സമാനരീതിയിൽ തട്ടിപ്പ് ആരംഭിച്ചതായാണ് വിവരം.
ടൈറ്റാനിയത്തിൽ ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കി ദിവ്യയാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. ഇതുകണ്ട് ബന്ധപ്പെടുന്നവർക്ക് ദിവ്യ ഫോൺനമ്പർ നൽകും. തുടർന്ന് ഇവരുമായി സംസാരിച്ച് ഇടപാട് ഉറപ്പിക്കും. തിരുവനന്തപുരത്തെ പലയിടത്തുംവെച്ച് കൂടിക്കാഴ്ചകളും സംഘടിപ്പിക്കും. ഏറ്റവും അവസാനം ശ്യാംലാൽ അടക്കമുള്ളവർ ഉദ്യോഗാർഥികളെ അഭിമുഖത്തിനെന്ന് പറഞ്ഞ് കാറിൽ ടൈറ്റാനിയത്തിൽ എത്തിക്കും. കാറിൽ കയറിയാലുടൻ മൊബൈൽ ഫോൺ ഓഫ് ചെയ്യണമെന്നായിരുന്നു പ്രതികളുടെ നിർദേശം. തുടർന്ന് ടൈറ്റാനിയത്തിൽ ശശികുമാരൻ തമ്പിയുടെ കാബിനിലേക്കാണ് ഉദ്യോഗാർഥികളെ കൂട്ടിക്കൊണ്ടുപോയിരുന്നത്. ഇവിടെവെച്ച് ഇന്റർവ്യൂ നടത്തുന്നതോടെ ഉദ്യോഗാർഥികളുടെ വിശ്വാസം ആർജിക്കും. പിന്നാലെ ബാക്കി തുകയും കൈക്കലാക്കും. 15 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്നും അറിയിക്കും. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവൊന്നും ലഭിക്കാതായതോടെയാണ് പലർക്കും തട്ടിപ്പ് ബോധ്യമായത്.
വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും ദിവ്യനായരും സംഘവും കോടികള്‍ തട്ടിയെടുത്തതായാണ് പരാതി.





0 Comments