മുന്നറിയിപ്പുകളൊന്നുമില്ലാതെ കമാനം (ആർച്ച്) റോഡിലേക്ക് മറിച്ചിട്ടതിനെത്തുടർന്ന് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു.തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പൂഴിക്കുന്ന് സ്വദേശികളായ ലേഖയ്ക്കും മകൾക്കുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഓലത്താന്നിക്ക് സമീപം കവിത ജംഗ്ഷനിൽ സ്ഥാപിച്ച ആർച്ച് പൊളിച്ചപ്പോഴാണ് അപകടമുണ്ടായത്. വാഹനം തടസ്സപ്പെടുത്തുകയോ, മുന്നറിയിപ്പു നൽകുകയോ ചെയ്യാതെ ആർച്ച് അലക്ഷ്യമായി അഴിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ട സ്കൂട്ടറിന് തൊട്ടുമുന്നിലായി ബൈക്കും കാറുകളുമെല്ലാം കടന്നുപോയിരുന്നു. ഇവ കഷ്ടിച്ചാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ലേഖയുടേയും മകളുടേയും ദേഹത്തേക്ക് ആർച്ച് പതിക്കുകയായിരുന്നു. അപകടത്തിൽ ലേഖയ്ക്കും മകൾക്കും ഗുരുതര പരിക്കേറ്റു.

ലേഖയുടെ ചുണ്ടു മുതൽ താടി വരെ സാരമായി പരിക്കേറ്റു. ശ്വാസകോശത്തിനും കഴുത്തിനും ചതവു പറ്റി. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. മകളുടെ നെറ്റിക്കും മൂക്കിനും പൊട്ടലുമുണ്ട്. ഒരു ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബാണ് ആർച്ച് സ്ഥാപിച്ചത്. സംഭവം നടന്ന അന്ന് വിവരം പൊലീസിനെ അറിയിച്ചിരുന്നു. പിന്നീട് 14-ാം തീയതി രേഖമൂലം പരാതി നൽകിയിട്ടും നെയ്യാറ്റിൻകര പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ലേഖയുടെ കുടുംബം ആരോപിച്ചു.
അതേസമയം നെയ്യാറ്റിൻകര പോലീസിനെതിരെ നിരന്തരം പരാതികൾ ഉയരുകയാണ്. പരാതി നൽകാൻ പോകുന്നവരോട് മോശമായി പെരുമാറുകയും അസഭ്യം വിളിക്കുകയും ചെയ്യുകയും അതുപോലെ പല പരാതികളും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതും നിത്യസംഭവമാണെന്നാണ് നാട്ടുകാർ പറയുന്നത്
പൂഴിക്കുന്ന് സ്വദേശികളായ ലേഖയ്ക്കും മകൾക്കുമാണ് പരിക്കേറ്റത്.





0 Comments