/uploads/news/news_നിഖില്‍_തോമസിനെ_ഇനിയും_പിടികൂടാനാവാതെ_പൊ..._1687344161_528.png
Crime

നിഖില്‍ തോമസിനെ ഇനിയും പിടികൂടാനാവാതെ പൊലീസ്: പ്രാദേശിക സിപിഎം നേതാവ് കസ്റ്റഡിയില്‍


ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ ഇനിയും പിടികൂടാനാവാതെ പൊലീസ്. പ്രതിക്കായി ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ പ്രത്യേക സംഘമാണ് നിഖിലിനായുള്ള അന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖിൽ ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ സംശയം

നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിഖിലിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത് തിരുവനന്തപുരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എം എസ് എം കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയുടെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖിൽ തോമസിനെതിരെ ചുമത്തിയിരിക്കുന്നത്. കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയും ചെയ്തു.

അതേസമയം, നിഖിൽ തോമസിനെ ഒളിവിൽ പോവാൻ സഹായിച്ചെന്ന് സംശയിക്കുന്ന സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലെത്തിയാണ് നേതാവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ബാലസംഘത്തിന്റെ ചുമതലുണ്ടായിരുന്ന നേതാവിന് നിഖിൽ തോമസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇയാളുടെ ബിരുദ സർട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കുമെന്നാണ് സൂചന.

നിഖിലിൻറെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യൽ. പ്രതി തിരുവനന്തപുരം ജില്ലയിൽ തന്നെയുണ്ടാവുമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവാദങ്ങൾക്ക് പിന്നാലെ നിഖിൽ തോമസിനെ എസ്എഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. പ്രതിയെ പിന്തുണച്ച് ആദ്യം സംഘടന രംഗത്ത് എത്തിയിരുന്നെങ്കിലും തട്ടിപ്പ് ബോധ്യമായതോടെ നിലപാട് മാറ്റുകയായിരുന്നു. സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖിൽ തോമസ് വിശദീകരണം നൽകിയതെന്നും എസ്എഫ്ഐ വ്യക്തമാക്കി.

അതേസമയം, നിഖിൽ തോമസിൻറെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ല. കേരളത്തിൽ നടക്കുന്ന അന്വേഷണം മതിയെന്നാണ് സർവ്വകലാശാലയുടെ തീരുമാനം. നിയമവിദഗ്ധരുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിലായതിനാൽ കേരള പൊലീസിന‍റെ അന്വേഷണമാണ് നല്ലതെന്നും കലിംഗ സർവകലാശാല അറിയിച്ചിട്ടുണ്ട്. എന്നാൽ വ്യാജസർട്ടിഫിക്കറ്റ് നിർമ്മിച്ചത് ആരെന്ന് കണ്ടെത്തണമെന്നും അന്വേഷണം പൂർത്തിയായാൽ ഉടൻ യുജിസിക്ക് റിപ്പോർട്ട് നൽകുമെന്നും സർവ്വകലാശാല വ്യക്തമാക്കി.

നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൊബൈല്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിഖിലിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത് തിരുവനന്തപുരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

0 Comments

Leave a comment