തിരുവനന്തപുരം: പള്ളിപ്പുറത്ത് മൊബൈൽ കടയിൽ കയറി അന്യ സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഷാനവാസ് മംഗലപുരം പൊലീസിന്റെ പിടിയിലായി. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു.കഴിഞ്ഞ ദിവസം പള്ളിപ്പുറത്തെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തി സ്വർണവും പണവും ആവശ്യപ്പെട്ടതിനും ഷാനവാസിന് എതിരെ കേസുണ്ട്. പൊലീസാണ് എന്ന് പറഞ്ഞ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം പള്ളിപ്പുറത്തെ മനാഫിന്റെ വീട്ടിലാണ് ആദ്യം കയറിയത്.ഇതിന് മുമ്പ് മനാഫിന്റെ മൊബൈൽ കടയിൽ ഗുണ്ടാ പിരിവ് ചോദിച്ച് ഈ സംഘം ചെന്നിരുന്നു. അന്ന് മനാഫ് പണം നൽകിയിരുന്നില്ല. തുടർന്നാണ് കടയിൽ ഉണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ കുത്തിയത്. സംഭവത്തിൽ ഷാനവാസിനെ പൊലീസ് തിരയുന്നതിനിടയിലാണ് പരാതിക്കാരന്റെയും അയൽവാസികളുടെയും വീട്ടിൽ കയറി ഇയാൾ ഭീഷണിപ്പെടുത്തിയത്.കേസുമായി മുന്നോട്ട് പോകരുതെന്നും 50,000 രൂപ വേണമെന്നും ഗുണ്ടാ സംഘം ആവശ്യപ്പെട്ടു. പരാതിക്കാരന്റെ വീടിന് സമീപം മറ്റ് മൂന്നു വീടുകളിലും ഷാനവാസും സംഘവും കയറിയിരുന്നു എങ്കിലും രണ്ട് വീട്ടുകാർ മാത്രമാണ് പരാതി നൽകിയത്. മംഗലപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയും ഷാനവാസ് ആണ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് വീണ്ടും ഇയാൾ ഗുണ്ടാ ആക്രമണം നടത്തിയത്.
പള്ളിപ്പുറത്ത് അന്യ സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍





0 Comments