കഴക്കൂട്ടം: വിവിധ കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച പ്രതികൾ പിടിയിലായി. മൺവിള, പ്രേമവിലാസം വീട്ടിൽ കിങ്കരൻ ബിനു എന്നു വിളിക്കുന്ന രതീഷ് (41), വാദ്ധ്യാരുകോണം മാണിക്കലിൽ കുക്കുടുവൻ എന്നു വിളിക്കുന്ന പ്രകാശ് (48) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കിങ്കരൻ ബിനു എന്നു വിളിക്കുന്ന രതീഷിന് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ കൊലപാതക കേസും കഴക്കൂട്ടം സ്റ്റേഷനിൽ അടിപിടി കേസുമടക്കം വിവിധ സ്റ്റേഷനുകളിലായി 23- ഓളം കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കുപ്രസിദ്ധ മോഷ്ടാവായ കുക്കുടുവൻ പ്രകാശ് നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. കേസുകളിൽ ഉൾപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ഇരുവരുടെയും പേരിൽ കോടതി എൽ.പി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മീഷണർ ഹരി.സി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രതീഷിനെ മൺവിള നിന്നും പ്രകാശിനെ വെഞ്ഞാറമൂട് നിന്നും പോലീസ് സാഹസികമായാണ് പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, നസുമുദ്ദീൻ, സുജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പിടികിട്ടാപ്പുള്ളികൾ കഴക്കൂട്ടം പോലീസിൻ്റെ പിടിയിൽ





0 Comments