/uploads/news/841-IMG-20190809-WA0148.jpg
Crime

പുത്തൻതോപ്പിൽ യുവാവ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ


കഴക്കൂട്ടം: പുത്തൻതോപ്പിൽ 1.150 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. മേനംകുളം, ചിറയ്ക്കൽ, പ്രസന്ന ഭവനിൽ രാഹുൽ (23) ആണ് പിടിയിലായത്. ഇന്ന് രാവിലെ 11.30 മണിയ്ക്ക് പുത്തൻതോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. കഴക്കൂട്ടം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രതീപ് റാവുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ മുകേഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മറ്റൊരു സ്ഥിരം കുറ്റവാളിയായ പെരുമാതുറ സ്വദേശിയായ നിസാർ കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടയിൽ എക്സൈസ് സംഘത്തെ കണ്ട് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. പ്രതിയായ രാഹുൽ പുത്തൻതോപ്പിലും പരിസര പ്രദേശങ്ങളിലും നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തികളിൽ പങ്കാളിയാണെന്നും ഇയാളുടെ ഇടപാടുകളെക്കുറിച്ചു പ്രദേശവാസികളുടെയും പഞ്ചായത്ത് അധികൃതരുടെയും നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാഹുലിനെ മൽപ്പിടുത്തത്തിൽ കീഴ്പ്പെടുത്തുന്നതിനിടയിൽ സി.ഇ.ഒ സുബിന് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴക്കൂട്ടം എക്സൈസ് റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. പി.ഒ.എസ് ഹരികുമാർ, തോമസ് സേവ്യർ ഗോമസ്, സി.ഇ.ഒമാരായ ജസീം, രാജേഷ്, ഷംനാദ്, വിപിൻ, സ്മിത, ഡ്രൈവർ സുനിൽ കുമാർ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

പുത്തൻതോപ്പിൽ യുവാവ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ

0 Comments

Leave a comment