കഴക്കൂട്ടം: കണിയാപുരത്ത് വച്ച് പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ (21) തട്ടിക്കൊണ്ട് പോവുകയും, പൊലീസിന് നേരെ പടക്കം എറിയുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. പാച്ചിറ ഷഫീഖ് മൻസിലിൽ ഷഫീഖിനെയാണ് ഞായറാഴ്ച ആര്യനാട് നിന്ന് അറസ്റ്റ് ചെയ്തത്. ആര്യനാട്ട് നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി അബിൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
നിഖിലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ഷഫീഖ് പടക്കം എറിഞ്ഞത്. പൊലീസിനെ ആക്രമിച്ച ഷഫീഖിന്റെ സഹോദരൻ ഷെമീർ, അമ്മ ഷീജ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഷഫീഖ് വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയിരുന്നു.
ആര്യനാട്ട് നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷഫീഖ് വീട്ടുടമയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമിച്ചു. രാവിലെ കോണ്ക്രീറ്റ് കഴിഞ്ഞ വീട് നനയ്ക്കാനായി എത്തിയപ്പോളാണ് ഒളിവിലിരുന്ന പ്രതികളെ വീട്ടുടമസ്ഥൻ കണ്ടത്. ഇതോടെ വീട്ടുടമസ്ഥനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ഷഫീഖ് ശ്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
അതേസമയം, കണിയാപുരം, പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ (21) തട്ടിക്കൊണ്ടുപോയ കേസിൽ കന്യാകുമാരി രാമവർമൻചിറ സ്വദേശി അശ്വിൻ കഴിഞ്ഞദിവസം പിടിയിലായിരുന്നു. പണത്തിന് വേണ്ടിയല്ല, കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട തർക്കമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായതെന്നാണ് പോലീസിന്റെ പ്രതികരണം.
കഞ്ചാവ് വാങ്ങുന്നതിനു നൽകിയ പണം തിരിച്ചുകൊടുക്കാത്തതിനെത്തുടർന്നുള്ള തർക്കമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതിനു കാരണമായി പോലീസ് പറയുന്നത്. നിഖിലിന്റെ പിതാവ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് നിഖിൽ മുൻപ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണെന്നു മനസ്സിലാക്കിയത്.നിഖിലിന്റെ സഹോദരൻ ഇപ്പോൾ കഞ്ചാവ് കേസിൽ ജയിലിലാണ്.
അതേസമയം, കണിയാപുരം, പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ (21) തട്ടിക്കൊണ്ടുപോയ കേസിൽ കന്യാകുമാരി സ്വദേശി അശ്വിൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നിഖിൽ മുൻപ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണെന്നു പോലീസ്.





0 Comments