നെടുമങ്ങാട്: ബസ് യാത്രക്കാരിയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച തമിഴ് സ്ത്രീകൾ പിടിയിലായി. തമിഴ്നാട്, തിരുപ്പൂർ, ചിന്നപാളയം, ഗണപതി കോവിൽതെരുവ് വീട്ടു നമ്പർ 35 ൽ ചിന്നമ്മയുടെ മകൾ സബിത (47), സബിതയുടെ മകൾ അനുസിയ (25) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പകൽ 11.45 മണിയോടു കൂടി നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്തിരുന്ന കല്ലിയോട് സ്വദേശിനി നസീമ ബീവിയുടെ കഴുത്തിൽ കിടന്ന ഒരു ലക്ഷം രൂപ വില വരുന്ന രണ്ടര പവൻ തൂക്കമുള്ള സ്വർണ്ണമാല മൂഴിയിൽ വച്ച് പിടിച്ച് പറിച്ചതിനാണ് ഇവർ പിടിയിലായത്. നസീമാ ബീവിയോടൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികൾ മനപ്പൂർവം തിരക്കുണ്ടാക്കിയ ശേഷം ബലമായി മാല പിടിച്ച് പറിക്കുകയായിരുന്നു. സംഭവമറിഞ്ഞ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ തടഞ്ഞു നിർത്തി.
വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും മാല കണ്ടെടുത്തു. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, സൂര്യ, ഭുവനേന്ദ്രൻ നായർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നസീമാ ബീവിയോടൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികൾ മനപ്പൂർവം തിരക്കുണ്ടാക്കിയ ശേഷം ബലമായി മാല പിടിച്ച് പറിക്കുകയായിരുന്നു.





0 Comments