കഴക്കൂട്ടം: മംഗലപുരം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടു പോയി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. കൊലപാതക ശ്രമത്തിന് മംഗലപുരം, പി.എച്ച്.സിക്ക് സമീപം, എ.എ.ആർ മൻസിലിൽ കഞ്ചാവ് കുട്ടൻ എന്ന് അറിയപ്പെടുന്ന ഷെഹിൻ (21)നെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സുഹൃത്തുക്കളുമായുള്ള പ്രശ്നത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ മുഹമ്മദ് മുനീറിനെയാണ് പ്രതി വധിക്കാൻ ശ്രമിച്ചത്. ഓട്ടം പോവാൻ എന്നു പറഞ്ഞു കബളിപ്പിച്ചു വിളിച്ചു കൊണ്ടു പോയ മുനീറിനെ അക്രമിക്കുകയും കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഷെഹിൻ എന്ന് പോലീസ് പറഞ്ഞു. കൃത്യത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെക്കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നിർദേശത്തെ തുടർന്ന് മംഗലപുരം ഇൻസ്പെക്ടർ പി.ബി.വിനോദ് കുമാർ, എസ്.ഐ തുളസീധരൻ, സി.പി.ഒമാരായ അപ്പു, ഷാലു എന്നിവർ ചേർന്ന് തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ തമിഴ്നാട് രാമേശ്വരത്തിനടുത്തുള്ള ഏർവാടിയിൽ വച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മംഗലപുരത്ത് ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ





0 Comments