കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മാമ്പഴം മോഷ്ടിച്ച കേസിലെ പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗക്കേസിലും പ്രതി. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ ഷിഹാബാണ് 2019-ൽ മുണ്ടക്കയം പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിലും ഉൾപ്പെട്ടിരിക്കുന്നത്. ഈ കേസിൽ ഇയാൾ വിചാരണ നേരിട്ടുവരികയാണ്. ബലാത്സംഗക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരേ കേസുണ്ട്.
കഴിഞ്ഞദിവസമാണ് കാഞ്ഞിരപ്പള്ളിയിൽ കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന പത്തുകിലോ മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ ഷിഹാബിനെതിരേ പോലീസ് കേസെടുത്തത്. ഇതിനിടെയാണ് ഷിഹാബിനെതിരേ നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും പുറത്തുവന്നത്. മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഷിഹാബിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരൻ മോഷ്ടിച്ചത് എന്നാണ് പരാതി. കടയുടെ സമീപം സ്‌കൂട്ടർ നിർത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാൾ മോഷ്ടിക്കുകയായിരുന്നു എന്നാണ് വ്യക്തമായിട്ടുള്ളത്. പത്തുകിലോയോളം മാമ്പഴം മോഷണം പോയെന്നാണ് പരാതി. ശിഹാബ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാമ്പഴം മാറ്റുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങളിലെ സ്‌കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ പോലീസുകാരനാണെന്ന് വ്യക്തമായത്. അതേസമയം, സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവിൽപോയിരിക്കുകയാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പ്രതികരണം.
ബലാത്സംഗക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.





0 Comments