കഴക്കൂട്ടം: മേനംകുളത്ത് യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ കഴക്കൂട്ടം പോലീസിന്റെ പിടിയിലായി. ആറ്റിപ്ര സ്റ്റേഷൻകടവ് പനച്ചമൂട് വീട്ടിൽ അഖിൽ (21), വലിയവേളി പൗണ്ട് കടവ് കമ്പിക്കകം വീട്ടിൽ രാഹുൽ പിന്റോ (23), കടകംപള്ളി വെട്ടുകാട് ബാലനഗറിൽ ജോഷി (23), മേനംകുളം കാസ്വ നഗർ ഡാലിയ ഹൗസിൽ അജിത് എന്ന് വിളിക്കുന്ന ലിയോൺ ജോൺസൺ (29) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നരം 7.45 നാണ് സംഭവം. മേനംകുളം സ്വദേശി രാജൻ പെരേരക്കും സുഹൃത്തുക്കൾക്കും നേരെ ബൈക്കിലത്തിയ ഗുണ്ടാ സംഘം ബോംബെറിയുകയും, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ആക്രമണത്തിൽ വലതു കാൽ തകർന്ന രാജൻ പെരേരയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണ ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്റെ നിർദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. ലിയോൺ ജോൺസനെ തമിഴ്നാട്ടിലെ നാഗർകോവിൽ നിന്നും, മറ്റുള്ള പ്രതികളെ കുളത്തൂർ കോലത്തുകരയിൽ നിന്നുമാണ് പിടികൂടിയത്.
പിടിയിലായ ലിയോൺ ജോൺസൺ വിവിധ സ്റ്റേഷൻ പരിധികളിലായി പതിനേഴോളം കേസുകളിൽ പ്രതിയും കഴക്കൂട്ടം പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ടയാളും കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളുമാണെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
ഒന്നാം പ്രതി അഖിൽ തുമ്പ, പേട്ട, അയിരൂർ, പാരിപ്പള്ളി കല്ലമ്പലം സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ പ്രതിയും, തുമ്പ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽപെട്ടയാളുമാണ്. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി.സി.എസ്സിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ മാരായ മിഥുൻ, ജിനു, എസ്.സി.പി.ഒമാരായ ബൈജു.എസ്.പി, സജാദ് ഖാൻ, നിസാമുദീൻ, സി.പി.ഒമാരായ അരുൺ.എസ്.നായർ, റജി, ബിനു, ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിനുപയോഗിച്ച ബോംബിന്റെ ഉറവിടം കണ്ടെത്തുന്നതിനും, കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു.
മേനംകുളത്ത് യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാ സംഘം കഴക്കൂട്ടം പോലീസിന്റെ പിടിയിൽ.





0 Comments